News

പെറുവിലെ തടവുപുള്ളികള്‍ നിര്‍മ്മിച്ചത് മൂന്നുലക്ഷം ജപമാല

സ്വന്തം ലേഖകന്‍ 09-01-2018 - Tuesday

ലിമാ: ഫ്രാന്‍സിസ് പാപ്പയുടെ പെറു സന്ദര്‍ശനം പ്രമാണിച്ച് അറുനൂറ്റമ്പതോളം തടവുപുള്ളികള്‍ നിര്‍മ്മിച്ചത് മൂന്നു ലക്ഷം ജപമാല. കഴിഞ്ഞ മൂന്നു മാസമായി പെറുവിലെ 12-ഓളം ജയിലുകളിലെ അന്തേവാസികളാണ് ഈ മഹാദൗത്യം പൂർത്തീകരിച്ചത്. ഫ്രാന്‍സിസ്‌ പാപ്പായുടെ പെറു അപ്പസ്‌തോലിക സന്ദര്‍ശന സമയത്ത് വില്‍ക്കുവാനുള്ള ജപമാലകളാണ് ‘പ്രൊഡക്ടീവ്‌ പ്രിസണ്‍’ പദ്ധതിയുടെ ഭാഗമായി ജയില്‍ പുള്ളികള്‍ ഉണ്ടാക്കിയത്. നാഷണല്‍ പെനിറ്ററി ഇന്‍സ്റ്റിറ്റ്യൂട്ടും, ലിമാ രൂപതയുമാണ് സംരംഭത്തിനു ചുക്കാൻ പിടിച്ചത്.

“നിങ്ങള്‍ ഒരിക്കലും ലജ്ജിക്കേണ്ട, ദൈവത്തിന് നിങ്ങളെ ഓര്‍ത്ത്‌ യാതൊരു ലജ്ജയുമില്ല. നിങ്ങളുടെ കരവിരുത് പെറു കാണും” പാപ്പായുടെ ലിമാ ന്ദര്‍ശനത്തിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായ ഫാദര്‍ ലൂയീസ്‌ ഗാസ്പര്‍ ഉരിബെ ‘വിര്‍ജെന്‍ ഡി ഫാത്തിമ’ ജയിലിലെ അന്തേവാസികളോട് പറഞ്ഞത് ഇപ്രകാരമായിരിന്നു. ജപമാലകള്‍ വിറ്റ്‌ കിട്ടുന്ന തുകയുടെ ഓഹരി ഇത് നിര്‍മ്മിച്ച തടവ് പുള്ളികള്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ സന്തോഷത്തോടു കൂടിയാണ് തടവ് പുള്ളികള്‍ സംരഭത്തില്‍ ഭാഗഭാക്കായത്. താന്‍ ഉണ്ടാക്കിയ ഓരോ ജപമാലയും തന്റെ അനുതാപത്തിന്റേയും സമര്‍പ്പണത്തിന്റേയും പ്രതീകമാണെന്ന് കഴിഞ്ഞ എട്ടുവര്‍ഷമായി ‘വിര്‍ജെന്‍ ഡി ഫാത്തിമ’ ജയിലിലില്‍ കഴിയുന്ന അന്തേവാസി മാര്‍ത്താ ഹുവാലിങ്ങ പറഞ്ഞു. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ മാസം 18-നാണ് ഫ്രാന്‍സിസ്‌ പെറുവില്‍ എത്തുന്നത്.

21 വരെ പാപ്പാ പെറുവില്‍ ഉണ്ടായിരിക്കും. 30 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആദ്യമായാണ് ഒരു പാപ്പാ പെറു സന്ദര്‍ശിക്കുന്നത്. പെറു സന്ദര്‍ശിക്കുന്ന രണ്ടാമത്തെ പാപ്പായാണ് ഫ്രാന്‍സിസ്‌ പാപ്പ. അതേസമയം പാപ്പയുടെ സന്ദര്‍ശനത്തിനായി പെറു ഗവണ്‍മെന്റ് 37 ദശലക്ഷം സോള്‍ (9 ദശലക്ഷം യൂറോ) അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സെന്‍സസ് അനുസരിച്ച് 31 ദശലക്ഷത്തോളം ജനസംഖ്യയുള്ള പെറുവില്‍ 26 ദശലക്ഷത്തോളം ആളുകള്‍ കത്തോലിക്ക വിശ്വാസികളാണ്.


Related Articles »