News - 2025
104ാമത് ആഗോള കുടിയേറ്റദിനം ജനുവരി 14ന്
സ്വന്തം ലേഖകന്‍ 11-01-2018 - Thursday
വത്തിക്കാന്‍ സിറ്റി: “കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വീകരിക്കാം, സംരക്ഷിക്കാം, സഹായിക്കാം, പുനരധിവസിപ്പിക്കാം” എന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിന്തയെ ആസ്പദമാക്കിയുള്ള 104ാമത് ആഗോള കുടിയേറ്റദിനം ജനുവരി 14ാം തീയതി ഞായറാഴ്ച ആഗോള സഭ ആചരിക്കും. മാര്‍പാപ്പ അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. “പരദേശികളെ സ്വദേശികളെപ്പോലെ നിങ്ങളുടെ നാട്ടില്‍ സ്വീകരിക്കണം. നിങ്ങളെപ്പോലെതന്നെ അവരെയും സ്നേഹിക്കണം. കാരണം നിങ്ങളും പരദേശികളായിരിക്കുകയും അലഞ്ഞുതിരിയുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവാണ്”എന്ന വിശുദ്ധ ഗ്രന്ഥത്തിലെ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പയുടെ കുടിയേറ്റ സന്ദേശം ആരംഭിക്കുന്നത്.
ദാരിദ്ര്യം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭം, പീഡനങ്ങള്‍, യുദ്ധം എന്നിവയാല്‍ നാടും വീടും വിട്ടിറങ്ങേണ്ടി വരുന്ന കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അവരുടെ ശോചനീയമായ അവസ്ഥയെയുംകുറിച്ചുള്ള ആശങ്കയാണ് തന്റെ മനസ്സിലുള്ളതെന്ന് പാപ്പ തന്റെ സന്ദേശത്തില്‍ ആവര്‍ത്തിച്ചു. സഭാശുശ്രൂഷയുടെ ആരംഭംമുതല്‍ അവരെക്കുറിച്ച് ആവര്‍ത്തിച്ചു അനുസ്മരിപ്പിച്ചിട്ടുണ്ടെന്നും പാപ്പ പറഞ്ഞു. അഭയം തേടുന്നവര്‍ നമ്മുടെ വാതുക്കല്‍ വന്നു മുട്ടുമ്പോള്‍, ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കു സഹായിക്കുന്ന അവസരമായി അതിനെ കാണേണ്ടതാണ്. അപ്രകാരം കുടിയേറ്റത്തിന്‍റെയും അഭയാര്‍ത്ഥി നീക്കങ്ങളുടെയും ക്ലേശകരമായ സാഹചര്യങ്ങളില്‍ അവരെ സ്വീകരിക്കുകയും, സംരക്ഷിക്കുകയും, സഹായിക്കുകയും, പുനരധിവസിപ്പിക്കുകയും വേണമെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.