News

ക്രൈസ്തവ വിശ്വാസത്തെ പ്രതി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 3066 പേര്‍; 215 ദശലക്ഷം ക്രൈസ്തവര്‍ മതപീഡനത്തിന് ഇരകള്‍

സ്വന്തം ലേഖകന്‍ 11-01-2018 - Thursday

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ 215 ദശലക്ഷം ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ മതപീഡനത്തിനിരയാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ഓപ്പണ്‍ ഡോർസ് യു.എസ്.എ. ഇക്കൊല്ലത്തെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ടനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ആഗോളതലത്തില്‍ 3,066 ക്രിസ്ത്യാനികള്‍ കൊലചെയ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പേരുകളും ഇന്നലെ പുറത്തിറക്കിയ പട്ടികയിലുണ്ട്.

കഴിഞ്ഞ വര്‍ഷം 1,252-ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടു പോകലിനിരയായി, 11020-ഓളം വിശ്വാസികള്‍ മാനഭംഗത്തിന് ഇരയാകുകയോ ലൈംഗീക ചൂഷണത്തിന് ഇരയാകുകയോ ചെയ്തിട്ടുണ്ട്. 793 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ഈജിപ്ത്, ലിബിയ, ഖസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് മതപീഡനം വളരെവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്.

മതപീഡനം ഏറ്റവും രൂക്ഷമായ ആദ്യ പത്തു രാജ്യങ്ങളില്‍ 8 രാജ്യങ്ങളിലും മുസ്ലീം മതമൗലീക വാദവും, മതപീഡനവുമാണ് ക്രിസ്ത്യാനികളുടെ ജീവിതം ദുസ്സഹമാക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ചു കഴിഞ്ഞ 16 വര്‍ഷമായി വടക്കന്‍ കൊറിയയാണ് ക്രൈസ്തവ മതപീഡനം ഏറ്റവും കൂടുതല്‍ നടക്കുന്ന രാജ്യം. ബൈബിള്‍ കൈവശം വെക്കുന്നതിന് അടക്കം കനത്തവിലക്കുകളാണ് കൊറിയയില്‍ ഉള്ളത്.

വിശ്വാസികളെ സ്വകാര്യമായി പോലും ആരാധന നടത്തുവാന്‍ അനുവദിക്കാത്ത അഫ്ഘാനിസ്ഥാനാണ് പട്ടികയില്‍ രണ്ടാമതായി നിലകൊള്ളുന്നത്. ഇസ്ലാമിക രാജ്യമായ സൊമാലിയയാണ് മൂന്നാമതായി പട്ടികയില്‍ വരുന്നത്. സുഡാന്‍, പാകിസ്ഥാന്‍, എറിത്രിയ, ലിബിയ, ഇറാഖ്, യെമന്‍, ഇറാന്‍ എന്നീ രാജ്യങ്ങളാണ് പിന്നീട് വരുന്നത്. 81 പോയന്റുമായി 11-മതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മതപീഡനങ്ങളുടെ വളര്‍ച്ച വളരെ ത്വരിതഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതാദ്യമായി നേപ്പാളും, അസര്‍ബൈജാനും ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയയായ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മധ്യപൂര്‍വ്വേഷ്യ, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ മേഖലകള്‍ക്ക് പുറമേയുള്ള രാജ്യങ്ങളും വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ മെക്സിക്കോ 39-മതും കൊളംബിയ 49-മതുമാണ്‌. അതിക്രമങ്ങളില്‍ പ്രത്യേകമായി സംഘടന ചൂണ്ടിക്കാട്ടുന്നത് ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗീകാക്രമണങ്ങളാണ്.

ദിവസംതോറും 6 സ്ത്രീകള്‍ വീതം മാനഭംഗത്തിനിരയാവുകയോ വധഭീഷണിയെ തുടര്‍ന്ന്‍ ഇസ്ളാമിക വിശ്വാസിയെ വിവാഹം കഴിക്കുവാന്‍ നിര്‍ബന്ധിതയാവുകയോ ചെയ്യുന്നു. നവംബര്‍ 2016-നും ഒക്ടോബര്‍ 2017-നും ഇടയില്‍ ഏതാണ്ട് 30-ഓളം രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളില്‍ ശക്തമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസത്തെ പ്രതി ചൂഷണം ചെയ്യപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓപ്പണ്‍ ഡോര്‍സ്. സംഘടനയുടെ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യത്തോടെയാണ് ആഗോള ക്രൈസ്തവ നേതൃത്വം നോക്കിക്കാണുന്നത്.


Related Articles »