News

യേശുവിനെ രക്ഷകനായി സ്വീകരിച്ചുക്കൊണ്ട് ഓസ്ട്രിയയിലെ ഇസ്ളാമിക അഭയാര്‍ത്ഥികള്‍

സ്വന്തം ലേഖകന്‍ 16-01-2018 - Tuesday

വിയന്ന: മധ്യയൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ അഭയാര്‍ത്ഥികളായി എത്തിയ നൂറുകണക്കിന് മുസ്ലിം മതസ്ഥര്‍ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. 2017-ല്‍ ജ്ഞാനസ്നാനത്തിലൂടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ച 750 പേരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇസ്ളാമിക രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള അഭയാര്‍ത്ഥികളാണെന്ന് ഡി‌ഡബ്ല്യു‌എ ഓസ്ട്രിയയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്ട്രിയന്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ കണക്കിനെയും വിയന്നാ അതിരൂപതയുടെ ഔദ്യോഗിക വക്താവിന്‍റെ വാക്കുകളെയും ഉദ്ധരിച്ചുക്കൊണ്ടാണ് റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ വിയന്നയില്‍ മാത്രം 15-ഓളം രാജ്യങ്ങളില്‍ നിന്നുള്ള 260 അഭയാര്‍ത്ഥികളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്‌.

രാജ്യത്തു അഭയം ലഭിക്കുന്നതിനു വേണ്ടി മാത്രമാണ് അഭയാര്‍ത്ഥികള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക്‌ വരുന്നതെന്ന ചിലരുടെ വാദഗതികള്‍ അടിസ്ഥാനരഹിതമാണെന്ന് അതിരൂപതയുടെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ജ്ഞാനസ്നാനത്തിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രഡറിക്ക് ദോസ്റ്റല്‍ പറഞ്ഞു.വളരെ കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ജ്ഞാനസ്നാനത്തിനായി ആളുകളെ തിരഞ്ഞെടുക്കുന്നതെന്നും ഫാ. ഫ്രഡറിക്ക് കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രിയയില്‍ ജ്ഞാനസ്നാനം നല്‍കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ഒരു വര്‍ഷം മുന്‍പേ തന്നെ തയാറെടുപ്പുകള്‍ ആവശ്യമാണ്. സഭ നിഷ്കര്‍ഷിച്ചിട്ടുള്ള മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് തുടര്‍ച്ചയായി മതബോധന ക്ലാസ്സുകളിലും സഭയുടെ വിവിധ തിരുക്കര്‍മ്മങ്ങളിലും പങ്കെടുക്കുക, കാരുണ്യപ്രവര്‍ത്തികളില്‍ ഭാഗഭാക്കാകുക തുടങ്ങിയ കാര്യങ്ങള്‍ ജ്ഞാനസ്നാനപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്ന ആള്‍ കൃത്യമായും പാലിച്ചിരിക്കണം. അതേസമയം 2016-ല്‍ ഏതാണ്ട് 1.2 ദശലക്ഷം അഭയാര്‍ത്ഥികളാണ് യൂറോപ്പിലെത്തിയതെന്ന് യൂറോപ്പിലെ സ്ഥിതിവിവരകണക്കുകളുടെ കമ്മീഷനായ യൂറോസ്റ്റാറ്റ് പറയുന്നു.

39,860 അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഓസ്ട്രിയ അഞ്ചാം സ്ഥാനത്താണ് നിലകൊള്ളുന്നത്. ഓസ്ട്രിയയിലെത്തിയ അഭയാര്‍ത്ഥികളില്‍ കൂടുതല്‍ പേരും അഫ്ഘാനിസ്ഥാനില്‍ നിന്നുമുള്ളവരാണ്. ഇസ്ളാമിക അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കടന്നുവരുമ്പോഴും അനേകായിരങ്ങള്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. ഓസ്ട്രിയയ്ക്കു സമാനമായി നേരത്തെ ജര്‍മ്മനിയിലും ലണ്ടനിലും അനേകം ഇസ്ളാമിക വിശ്വാസികള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.


Related Articles »