News - 2025

ടീമിന്റെ സ്വപ്നതുല്യമായ വിജയം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് കേസ് കീനം

സ്വന്തം ലേഖകന്‍ 17-01-2018 - Wednesday

ന്യൂയോര്‍ക്ക്: തന്റെ ടീമിന്റെ സ്വപ്നതുല്യമായി വിജയം ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ ഫുട്ബോള്‍ ടീമായ മിന്നെസോട്ട വൈകിംഗിന്റെ താരം കേസ് കീനം. നാഷണല്‍ ഫുട്ബോള്‍ ലീഗ് (NFL) പ്ലേഓഫ് മത്സരത്തില്‍ ന്യു ഒര്‍ലീന്‍സ് സെയിന്റ്സുമായി നടന്ന പരാജയത്തിന്റെ വക്കില്‍ നിന്നും മിന്നസോട്ടാ വൈകിംഗിനെ വിജയത്തിലേക്ക് കൈപിടിച്ച് നടത്തിയ കേസ് കീനം “ദൈവം ഒത്തിരി നല്ലവനാണ്” എന്നാണ് വിജയത്തിന് ശേഷം പറഞ്ഞത്. “യേശുവിനായുള്ള എന്റെ ജീവിത സമര്‍പ്പണവും, എന്റെ വിവാഹവും കഴിഞ്ഞാല്‍ ഇതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എന്നാല്‍ ദൈവത്തില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തിപ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല” (ഏശയ്യ 40:31) എന്ന ബൈബിള്‍ വാക്യമാണ് കീനം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബയോ ഭാഗത്തു ചേർത്തിരിക്കുന്നത്. കളിതീരുവാന്‍ 10 സെക്കന്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കീനത്തിന്റെ മുന്നേറ്റത്തിൽ മിന്നസോട്ടാ വിജയത്തിലേക്ക് കുതിച്ചത്.

“മിന്നീപോളിസ് അത്ഭുതം” എന്നാണ് മിന്നസോട്ടാ വൈകിംഗിന്റെ അത്ഭുത വിജയത്തെക്കുറിച്ച് കാണികള്‍ വിവരിച്ചത്. മത്സരത്തില്‍ നടന്നത് ദൈവം പ്രവര്‍ത്തിച്ച അത്ഭുതം തന്നെയാണെന്നാണ് ടീമംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്. എല്ലാ മഹത്വവും ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നാണ് വൈകിംഗിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച വൈഡ് റിസീവറായ സ്റ്റെഫോണ്‍ ഡിഗ്ഗ്സ് ട്വിറ്ററില്‍ കുറിച്ചത്. തന്റെ ടീമംഗങ്ങള്‍ക്കും പരിശീലകനും നന്ദി പറഞ്ഞതിന് ശേഷം “ബാക്കിയെല്ലാം ചെയ്തത് ദൈവമാണെന്ന്‍” ഫോക്സ്ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഡിഗ്ഗ്സ് പറഞ്ഞു.


Related Articles »