News

ഓഖി ഇരകളെ മറക്കാത്ത 'ദീപിക'യുടെ നിലപാടിന് സോഷ്യല്‍ മീഡിയായുടെ കൈയ്യടി

സ്വന്തം ലേഖകന്‍ 19-01-2018 - Friday

കൊച്ചി: എക്സ്ക്ലൂസീവുകള്‍ തേടി പോകുന്ന മാധ്യമലോകത്ത് ദീപിക ദിനപത്രം ഇന്നലെ പ്രസിദ്ധീകരിച്ചത് തിരസ്ക്കരിക്കപ്പെട്ടവരുടെ രോദനം. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ 50 ദിവസങ്ങള്‍ പിന്നിട്ട ഇന്നലെ ഉറ്റവരെയും ഉടയവരെയും നഷ്ട്ടപ്പെട്ടവരുടെ വേ​ദ​ന​ രണ്ട് പേജ് തികച്ചും നല്‍കിക്കൊണ്ടായിരിന്നു ദീപിക ദിനപത്രം ഇന്നലെ വായനക്കാരിലേക്ക് എത്തിയത്. പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഫ്രണ്ട് പേജ് ഉള്‍പ്പെടെ ആദ്യ 2 പേജുകള്‍ ഓഖി ഇരകളുടെ ദുരിതക്കയത്തെ എടുത്തുക്കാണിക്കുവാന്‍ പത്രത്തിനു കഴിഞ്ഞു. "തിരികെത്തരുമോ ഇവരെ" എന്ന തലക്കെട്ടില്‍ കടലില്‍ അകപ്പെട്ട് തിരികെ വരാത്ത, ലഭ്യമായ 105 പേരുടെ ചിത്രവും പേരും ആദ്യ പേജില്‍ ഉള്‍ക്കൊള്ളിച്ചായിരിന്നു പത്രത്തിന്റെ ആദ്യ പേജ്.

പുതിയ വാര്‍ത്താ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന മാധ്യമലോകത്ത് ദീപിക കാണിച്ച യഥാര്‍ത്ഥ മാധ്യമ ധര്‍മ്മത്തിന് സോഷ്യല്‍ മീഡിയായില്‍ ഇന്നലെ അഭിനന്ദനപ്രവാഹമായിരിന്നു. സോഷ്യല്‍ മീഡിയായിലെ നിരവധി പേജുകളും ഗ്രൂപ്പുകളും ദീപികയില്‍ വന്ന ഓഖി വാര്‍ത്തകളും അനുബന്ധ പോസ്റ്റുകളും ഷെയര്‍ ചെയ്തു. ദീപിക പത്രത്തിന്റെ ചിത്രത്തോടൊപ്പം തങ്ങളുടേതായ വാക്കുകള്‍ അടിക്കുറിപ്പായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതും നിരവധി ആളുകളാണ്.

തീരദേശ ജനതയോട് ഐക്യദാര്‍ഢ്യം കാണിച്ച ദീപിക ദിനപത്രത്തിനു അഭിനന്ദനവും നന്ദിയും കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഓഖി ദുരന്തത്തിന്റെ വേദനകള്‍ പങ്കുവയ്ക്കാന്‍ ഇന്നലെ രണ്ടു പേജുകള്‍ നല്‍കിക്കൊണ്ട് ദീപിക ചെയ്ത വലിയ കാര്യം തീരജനതയ്ക്ക് ഒരിക്കലും വിസ്മരിക്കാനാകില്ലെന്ന് കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍ വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ദീപിക പത്രത്തിന് അയച്ച കത്തില്‍ പറയുന്നു.

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ഇനിയും തിരിച്ചുവരാത്ത മത്സ്യത്തൊഴിലാളികളുടെ ചിത്രം ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച് ദീപിക പത്രധര്‍മത്തിന് മഹത് സാക്ഷ്യമാണ് നല്‍കിയിട്ടുള്ളതെന്നും ഇന്നലത്തെ പത്രത്തിന്റെ രണ്ടു പേജുകള്‍ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ദുരന്തകഥകള്‍ക്കു വേണ്ടി നീക്കിവച്ചത് വേദനിക്കുന്നവരോടും അവഗണിക്കപ്പെടുന്നവരോടുമുള്ള ദീപികയുടെ പക്ഷം ചേരലായി ഉള്‍ക്കൊള്ളുന്നുവെന്നും സംഘടന കത്തില്‍ വ്യക്തമാക്കി. എക്സ്ക്ലൂസിവുകളെ മാറ്റിവെച്ച് ദീപിക കാണിച്ച നന്‍മയുടെ മാധ്യമപ്രവര്‍ത്തനത്തിന് നമ്മള്‍ക്കും കൊടുക്കാം ഒരു ലൈക്ക്.


Related Articles »