News - 2024

ഡമാസ്‌ക്കസിലെ ക്രൈസ്തവ മേഖലയില്‍ വീണ്ടും സ്ഫോടനം; 9 പേര്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 23-01-2018 - Tuesday

ഡമാസ്‌ക്കസ്: ഡമാസ്‌ക്കസിലെ ക്രൈസ്തവ മേഖലയില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ക്രൈസ്തവ പ്രാതിനിധ്യം കൂടുതലുള്ള പ്രദേശത്ത് ആക്രമണം നടന്നത്. ആക്രമണത്തില്‍ കുറഞ്ഞത് 23 പേര്‍ക്കെങ്കിലും പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പുരാതന ക്രൈസ്തവ ജില്ലകളായ ബാബ് ടൂമാ, അല്‍ ഷാഗോര്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് ഷെല്ലാക്രമണം നടന്നത്. പ്രദേശത്തെ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു.

ഡമാസ്‌ക്കസിലെ മാരോണൈറ്റ് കത്തീഡ്രല്‍ ദേവാലയത്തിനു സാരമായ നാശം സംഭവിച്ചിട്ടുണ്ട്. കത്തീഡ്രല്‍ ദേവാലയത്തിന് സമീപം ആക്രമണം ഉണ്ടായ വിവരം സന്നദ്ധ സംഘടനയായ എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡാണു പുറംലോകത്തെ അറിയിച്ചത്. വെള്ളവും വൈദ്യുതിയും ഇല്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും തങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഡമാസ്‌ക്കസ് ആര്‍ച്ച് ബിഷപ്പ് സാമിര്‍ നാസര്‍ പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഇക്കഴിഞ്ഞ പത്താം തീയതിയും സമാനമായ ആക്രമണം ഡമാസ്ക്കസില്‍ നടന്നിരിന്നു. അന്നത്തെ ആക്രമണത്തില്‍ ഹാരെറ്റ് അല്‍ സെയിതൂണ്‍ ജില്ലയിലെ ഗ്രീക്ക് മെല്‍ക്കൈറ്റ് കത്തോലിക്കേറ്റ് പാത്രിയാര്‍ക്കേറ്റിലും, ബാബ് ടൂമായിലെ കണ്‍വേര്‍ഷന്‍ ഓഫ് സെന്റ്‌ പോള്‍ ലാറ്റിന്‍ ഇടവക ദേവാലയത്തിലും ഷെല്ലുകള്‍ പതിച്ചു. ഗ്രീക്ക് മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റ് കെട്ടിടത്തിന് ഷെല്ലാക്രമണത്തില്‍ ശക്തമായ കേടുപാടുകള്‍ അന്ന് സംഭവിച്ചിരിന്നു. ഇതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പാണ് അടുത്ത ആക്രമണം ഉണ്ടായിരിക്കുന്നത്.


Related Articles »