News - 2025

പാര്‍ലമെന്‍റ് പ്രാര്‍ത്ഥനയില്‍ യേശു നാമം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 26-01-2018 - Friday

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റ് പാര്‍ലമെന്റിന്റെ പ്രാരംഭ പ്രാര്‍ത്ഥനയില്‍ യേശു നാമം നീക്കം ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ മാസമാണ് ന്യൂസിലാന്‍റ് പാര്‍ലമെന്റിന്റെ ഓരോ സെഷനും മുന്‍പായി ചൊല്ലുന്ന പ്രാരംഭപ്രാര്‍ത്ഥനയില്‍ നിന്നും യേശു നാമം നീക്കം ചെയ്തത്. പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുന്നതിനുള്ള വിദഗ്ദാഭിപ്രായം ആരായുന്നതിനുള്ള സമയപരിധി കഴിയുന്നതിനു മുന്‍പ്‌ തന്നെ സ്പീക്കറായ ട്രെവര്‍ മല്ലാര്‍ഡ്‌ പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുകയായിരിന്നു. യേശുവിന്റെ നാമത്തെ കൂടാതെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണറായ ബ്രിട്ടീഷ്‌ രാജ്ഞിയുടെ നാമവും പ്രാര്‍ത്ഥനയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

നേരത്തെ മതപരമായ മുഴുവന്‍ പരാമര്‍ശങ്ങളും നീക്കം ചെയ്യുവാനുള്ള നിര്‍ദ്ദേശം പാര്‍ലമെന്റംഗങ്ങളുടെ മുന്‍പില്‍ വെച്ചെങ്കിലും അത് തള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തീരുമാനത്തിനെതിരെ ഇതിനോടകം തന്നെ പ്രതിഷേധവുമായി ക്രിസ്ത്യന്‍ സഭകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ‘ജീസസ്‌ ഫോര്‍ ന്യൂസിലാന്‍റ്’ എന്ന പേരിലാണ് പ്രതിഷേധ പരിപാടികള്‍ക്ക്‌ തുടക്കമിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള പ്രതിഷേധ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ജനുവരി 30-ന് നടത്തുവാനിരിക്കുന്ന റാലിക്ക് ശേഷം യോഗം ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന ‘ടെ റിയോ കരാക്കിയ’ (പ്രാര്‍ത്ഥന) തിരികെ കൊണ്ടുവരുവാന്‍ സ്പീക്കറോട് ആവശ്യപ്പെടുവാനുള്ള പദ്ധതിയും പ്രതിഷേധക്കാര്‍ക്കുണ്ട്.

ഇക്കാര്യത്തില്‍ സഭക്കൊന്നും പറയുവാനില്ല എന്ന് പലര്‍ക്കും തോന്നുമെങ്കിലും ആ ധാരണ മാറ്റുവാന്‍ പോവുകയാണെന്നാണ് വെല്ലിംഗ്‌ടണിലെ സെലിബ്രേഷന്‍ ചര്‍ച്ചിലെ വചനപ്രഘോഷകനായ റോസ് സ്മിത്തിന്റെ പ്രതികരണം. യേശുവിന്റെ നാമം പ്രാര്‍ത്ഥനയില്‍ തിരികെ കൊണ്ടുവരുവാനുള്ള ഏക മാര്‍ഗ്ഗം ഈ റാലി മാത്രമാണെന്നും റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പാര്‍ലമെന്റിനോട് സംസാരിക്കുമെന്നും പ്രതിഷേധക്കാരുടെ പ്രസ്താവനയിലും പറയുന്നു. ന്യൂസിലാന്‍റ് പാര്‍ലമെന്റിന്റെ ഈ ക്രിസ്തുവിരുദ്ധ നീക്കത്തിനെതിരെ ന്യൂസിലാന്റ് റേഡിയോ സ്റ്റേഷനുകളുടെ സഹായത്തോടെ വന്‍ പ്രചാരണമാണ് സമൂഹമാധ്യമമായ ഫേസ്‌ബുക്കിലൂടെ നടക്കുന്നത്.

ഇതിനെകുറിച്ചു അനവധി സോഷ്യല്‍ മീഡിയ വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അവസാനത്തില്‍ റാലിയുടെ സംഘാടകര്‍ സ്പീക്കറെ കണ്ടു ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിദഗ്ദാഭിപ്രായം ആരാഞ്ഞതിനുശേഷം അവധിക്കാലത്ത്‌ ഇക്കാര്യം പരിഗണനയിലെടുക്കാമെന്ന്‌ അദ്ദേഹം അന്ന് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ഭൂരിപക്ഷങ്ങളുടെ അഭിപ്രായത്തെ മാനിക്കാതെ അദ്ദേഹം പ്രാര്‍ത്ഥനയില്‍ മാറ്റം വരുത്തുകയായിരിന്നു.


Related Articles »