News - 2025

വാലന്റൈന്‍സ് ദിനത്തിനല്ല, വിഭൂതിയ്ക്കു പ്രാധാന്യം നല്‍കണം: ഷിക്കാഗോ അതിരൂപത

സ്വന്തം ലേഖകന്‍ 30-01-2018 - Tuesday

ഷിക്കാഗോ: അനുതാപത്തിന്റെയും ആത്മവിശുദ്ധീകരണത്തിന്റെയും അമ്പതു നോമ്പിലേയ്ക്ക് പ്രവേശിക്കുന്ന വിഭൂതി ബുധനാഴ്ചയും വിശുദ്ധ വാലെന്റൈന്‍റെ സ്മരണ ആചരിക്കുന്ന വാലന്റൈന്‍സ് ദിനവും ഒരേ ദിവസം വരുന്ന സാഹചര്യത്തില്‍ വിഭൂതിയ്ക്കു പ്രാധാന്യം നല്‍കണമെന്ന് ഷിക്കാഗോ അതിരൂപത. ഇത്തവണ ഫെബ്രുവരി 14നു വിഭൂതി തിരുനാള്‍ അഥവാ കുരിശുവര തിരുനാളും ‘വാലന്റൈന്‍സ് ഡേ’യും ഒരേ ദിവസമാണ് വരുന്നത്.

മൂന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ് രക്തസാക്ഷിയായ വിശുദ്ധ വാലന്റൈന്റെ ഓര്‍മ്മപുതുക്കല്‍ ദിവസവും ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള ദിവസം തന്നെയാണ്. എന്നാല്‍ ആത്മീയതയ്ക്കുപരി പ്രണയത്തിന്റെ ദിവസം എന്ന രീതിയിലാണ് ഈ തിരുനാള്‍ ഇപ്പോള്‍ ആഘോഷിച്ചുവരുന്നത്. അനുതാപത്തിന്റേയും, ആത്മസംയമനത്തിന്റേയും തിരുനാളാണ് വിഭൂതിതിരുനാള്‍.

You May Like: ‍ വിശുദ്ധ വാലന്റൈന്‍

ഈ രണ്ട് ആഘോഷവും ഒരേ ദിവസം വന്ന സാഹചര്യത്തില്‍, വിഭൂതിതിരുനാളിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് ഷിക്കാഗോ അതിരൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ വാലെന്റൈന്‍റെ സ്മരണ ഫെബ്രുവരി 13നു ആചരിക്കാം. 18-നും 59-നും ഇടയിലുള്ള കത്തോലിക്ക വിശ്വാസികള്‍ വിഭൂതി തിരുനാളിനു ഉപവസിക്കേണ്ടതാണെന്നും 14 വയസ്സിനു മുകളിലുള്ളവര്‍ നോമ്പിന്റെ ദിവസങ്ങളില്‍ മാംസാഹാരം ഒഴിവാക്കേണ്ടതാണെന്നും അതിരൂപതയുടെ പ്രസ്താവനയില്‍ പറയുന്നു.


Related Articles »