News

ഇറ്റലിയുടെ ധീരപോരാളി തെരേസിയോ വാഴ്ത്തപ്പെട്ട പദവിയില്‍

സ്വന്തം ലേഖകന്‍ 04-02-2018 - Sunday

ബെലാജിയോ: രണ്ടാം ലോകമഹായുദ്ധത്തില്‍ വിശ്വാസത്തിനു വേണ്ടി നിലകൊണ്ടു രക്തസാക്ഷിത്വം വരിച്ച ഇറ്റലിയുടെ ധീരപോരാളി തെരേസിയോ ഒലിവേലിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്നലെ ബെലാജിയോയില്‍ കോമോ രൂപതയുടെ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള ഭദ്രാസന ദേവാലയത്തില്‍ നാമകരണ നടപടികളുടെ വത്തിക്കാന്‍ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.

വിശ്വാസം, പ്രത്യാശ, ഉപവി എന്നീ ദൈവിക പുണ്യാഭ്യാസത്തെപ്രതിയുള്ള തെരേസിയോ ഒലിവേലിയുടെ രക്തസാക്ഷിത്വമാണ് സഭ അംഗീകരിക്കുന്നതെന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനത്തിന് മുന്നെ വത്തിക്കാന്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ കര്‍ദ്ദിനാള്‍ അമാത്തോ പറഞ്ഞു. ഇറ്റലിയുടെ യുവരക്തസാക്ഷിയാണ് തെരേസിയോ ഒലിവേലി. വിശ്വാസത്തിന്‍റെയും ദേശഭക്തിയുടെയും ഒരുപോലെ ധീരനായ പടയാളിയായിരുന്നു തെരേസിയോയെന്നും കര്‍ദ്ദിനാള്‍ അനുസ്മരിച്ചു.

1916 ജനുവരി 7നു തെക്കെ ഇറ്റലിയിലെ ബെലാജിയോയിലാണ് ഒലിവേലി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം നിയമപഠനത്തില്‍ ഉന്നത ബിരുദം കരസ്ഥമാക്കി. പിന്നീട് കത്തോലിക്കാവിശ്വാസത്തില്‍ ആകൃഷ്ടനാകുകയായിരിന്നു. അധികം വൈകാതെ ഫാസിസത്തോടുള്ള വിദ്വേഷം പ്രകടമാക്കിക്കൊണ്ട് ഇറ്റാലിയന്‍ സൈന്യത്തില്‍ ചേര്‍ന്നു. 1945-ല്‍ ജനുവരി 17-ന് നാസി തടവറയില്‍ വിശ്വാസത്തെ പ്രഘോഷിച്ച് അദ്ദേഹം രക്തസാക്ഷിത്വം വരിക്കുയായിരിന്നു.


Related Articles »