Life In Christ - 2025

ചരിത്രപരമായ വിജയത്തില്‍ യേശുവിനെ സ്തുതിച്ചുകൊണ്ട് ഫിലാഡെല്‍ഫിയ ഈഗിള്‍സ് കോച്ച്

സ്വന്തം ലേഖകന്‍ 06-02-2018 - Tuesday

ന്യൂയോര്‍ക്ക്: സൂപ്പര്‍ ബൗള്‍ LII ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലെ ത്രസിപ്പിക്കുന്ന വിജയത്തില്‍ യേശുവിനെ സ്തുതിച്ചുകൊണ്ട് ഫിലാഡെല്‍ഫിയ ഈഗിള്‍സ് കോച്ച് ഡഗ് പെഡേഴ്സന്‍. ന്യൂ ഇംഗ്ലണ്ട് പാട്രിയോട്ട്സിനെതിരെ ഫിലാഡെല്‍ഫിയ ഈഗിള്‍സിന്റെ 41-33-ന്റെ വിജയത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം കര്‍ത്താവും രക്ഷകനുമായ യേശുവിലുള്ള തന്റെ വിശ്വാസവും നന്ദിയും തുറന്നു പറഞ്ഞത്. "ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൈസ്കൂളില്‍ കോച്ചായിരുന്ന താങ്കള്‍ ഇപ്പോള്‍ ഈ ട്രോഫിയുമായി നില്‍ക്കുന്നു. ഇതിനെകുറിച്ചെന്താണ് പറയുവാനുള്ളത്?" എന്നായിരിന്നു എന്‍.ബി.സി. സ്പോര്‍ട്സിന്റെ ഡാന്‍ പാട്രിക്കിന്റെ ചോദ്യം.

തനിക്ക് ഈ അവസരം നല്‍കിയതിന് കര്‍ത്താവും രക്ഷകനുമായ യേശുവിനെ ഞാന്‍ സ്തുതിക്കുകയും നന്ദിയര്‍പ്പിക്കുകയും ചെയ്യുന്നുവെന്നായിരുന്നു പെഡേഴ്സന്റെ മറുപടി. ലോകത്തിലേക്ക് വെച്ച് ഏറ്റവും നല്ല കളിക്കാരേയും ദൈവം തനിക്ക് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടീമിന്റെ കോച്ചിംഗ് സ്റ്റാഫിനും, ടീമിന്റെ ഉടമയായ ജെഫ്രി ലൂറിക്കും നന്ദിപറയുവാനും അദ്ദേഹം മറന്നില്ല. ഫിലാഡെല്‍ഫിയ ഈഗിള്‍സിനെ വിജയത്തിലേക്ക് നയിച്ച ക്വാര്‍ട്ടര്‍ബാക്ക് നിക്ക് ഫോള്‍സും ചരിത്രപരമായ ഈ വിജയം ദൈവം നല്‍കിയതാണെന്ന്‍ സാക്ഷ്യപ്പെടുത്തിയിരിന്നു.

എന്‍‌എഫ്‌എല്‍ ലീഗിന് ശേഷം വചനപ്രഘോഷണം നടത്തുമെന്ന അദ്ദേഹം നടത്തിയ തുറന്നുപറച്ചില്‍ വന്‍ വാര്‍ത്താപ്രാധാന്യമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നേടിയത്. ഇതാദ്യമായാണ് ഫിലാഡെല്‍ഫിയ ഈഗിള്‍സ് സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കുന്നത്. 1960-ലെ എന്‍‌എഫ്‌എല്‍ കിരീടം ഈഗിള്‍സിനായിരുന്നു. 1981-ലേയും, 2005-ലേയും സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് നേരിയ വ്യത്യാസത്തിലാണ് ഈഗിള്‍സിന് നഷ്ടപ്പെട്ടത്.


Related Articles »