News
‘റോസറി ഓണ്‍ ദി കോസ്റ്റ്’; ബ്രിട്ടനിലും ജപമാലയത്നം
സ്വന്തം ലേഖകന്‍ 08-02-2018 - Thursday
ലണ്ടന്‍: പോളണ്ടിലെയും, അയര്‍ലണ്ടിലെയും ജപമാല യത്നത്തിന്റെ വിജയപാത പിന്തുടരാന്‍ ബ്രിട്ടീഷ് ജനതയും തയാറെടുക്കുന്നു. ബ്രിട്ടനില്‍ അബോര്‍ഷന്‍ ആക്റ്റ് നിലവില്‍ വന്നതിന്റെ 50-ാം വാര്‍ഷിക ദിനമായ ഏപ്രില്‍ 29 ഞായറാഴ്ചയായിരിക്കും ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെ ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുക. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം യാചിച്ച് 40 ദിവസത്തെ ഉപവാസത്തിനും ആത്മീയ ഒരുക്കത്തിനും ശേഷമായിരിക്കും വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’-ല്‍ പങ്കെടുക്കുക.
ഏപ്രില്‍ 27-നു ഉപവാസം അവസാനിക്കും. പിന്നെയുള്ള 24 മണിക്കൂര്‍ ജപമാല കൂട്ടായ്മ സംഘടിപ്പിക്കുന്നതിനുള്ള പ്രായോഗിക തയ്യാറെടുപ്പുകളാണ് നടക്കുക. ബ്രിട്ടനില്‍ വിശ്വാസത്തിനെതിരെയുള്ള ഭീഷണികളെ ചെറുക്കുവാനും ഗര്‍ഭഛിദ്ര പ്രവണത അവസാനിക്കുന്നതിനും, ലോകമാകമാനം സമാധാനം പുനസ്ഥാപിക്കപ്പെടാനുമാണ് ‘റോസറി ഓണ്‍ ദി കോസ്റ്റ്’ യത്നത്തിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്.
ദേശവ്യാപകമായ ജപമാലയത്നത്തില്‍ പങ്കെടുക്കുന്നതിനായി മുഴുവന്‍ വിശ്വാസികളേയും ക്ഷണിക്കുന്നതായി സ്കോട്ട്ലന്റിലെ പ്രൈസ്ലി രൂപതയിലെ മെത്രാനായ ജോണ്‍ കീനന്‍ തന്റെ വീഡിയോ സന്ദേശത്തിലൂടെ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മാര്‍ച്ച് 1-ന് വിശ്വാസികള്‍ ഒരുമിച്ച് കൂടേണ്ട സ്ഥലങ്ങളെ സൂചിപ്പിച്ചുകൊണ്ട് വെബ്സൈറ്റ് പുറത്തിറക്കും. നേരത്തെ നാലായിരത്തോളം കൂട്ടായ്മകളിലായി ലക്ഷകണക്കിന് വിശ്വാസികളാണ് പോളണ്ടിലെ ജപമാലയത്നത്തില്‍ പങ്കെടുത്തത്. അയര്‍ലണ്ടിലെ ജപമാല കൂട്ടായ്മയും വന്‍ വിജയമായിരുന്നു.
ഇതിന് സമാനമായി ആയിരകണക്കിന് വിശ്വാസികള്‍ ‘റോസറി ഓണ്‍ ദി കോസ്റ്റ്’ല്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. പ്രധാനപ്പെട്ട ബ്രിട്ടീഷ് തീരപ്രദേശങ്ങള്‍ കൂടാതെ ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ഹെബ്രൈഡ്സ്, മാന്‍, വിറ്റ്, ചാനല്‍ തുടങ്ങിയ ദ്വീപ് മേഖലകളില്‍ നിന്നും വിശ്വാസികളുടെ പങ്കാളിത്തവും ജപമാലയത്നത്തില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും സംഘാടകര്‍ പങ്കുവെച്ചു.