News - 2025
ചൈനയില്‍ ക്രൈസ്തവരെ സര്‍ക്കാര്‍ അനുകൂലികളാക്കുവാന്‍ നിര്‍ബന്ധിത ശ്രമം
സ്വന്തം ലേഖകന്‍ 08-02-2018 - Thursday
ബെയ്ജീംഗ്: ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയില്‍ അനധികൃതമായി കസ്റ്റഡിയിലെടുത്ത നൂറോളം ക്രൈസ്തവ വിശ്വാസികളെ രഹസ്യ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് മാനസിക പരിവര്‍ത്തനം വരുത്തി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുകൂലികളാക്കുവാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍’ എന്ന രഹസ്യ കേന്ദ്രങ്ങളിലൂടെ ക്രൈസ്തവരെ സര്‍ക്കാര്‍ അനുകൂലികളാക്കുന്നതിനു മാനസിക സമ്മര്‍ദ്ധം സര്‍ക്കാര്‍ നല്‍കിവരുന്നുണ്ടെന്ന വാര്‍ത്ത ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
‘പുനര്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍’ തടവിലാക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ ആശങ്കകള്‍ ‘ഓപ്പണ്‍ ഡോര്‍സ്’മായി പങ്കുവെക്കുകയുണ്ടായി. ഇത്തരം സ്ഥലങ്ങളിലെ ജീവിതം ജയിലിനു സമാനമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ചിലര്‍ ഒരുമാസത്തിന് ശേഷം ഇത്തരം രഹസ്യകേന്ദ്രങ്ങളില്‍ നിന്നും മോചിതരാകുമ്പോള്‍ മറ്റ് ചിലരെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ താമസം 6 മാസമോ അതില്‍ കൂടുതലോ ആകുന്നു. ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസികളും തടവറയില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ‘ഓപ്പണ്‍ ഡോര്‍സ്’ന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തിവരുന്ന മതപീഡനം ചൈനയിലെ ക്രിസ്ത്യാനികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ അംഗീകൃത സഭയുടെ ദേവാലയങ്ങളില്‍ പോലും തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനക്ക് ശേഷമേ ഞായറാഴ്ച കുര്‍ബാനകളില്‍ പങ്കെടുക്കുവാന്‍ വിശ്വാസികള്‍ക്ക് സാധിക്കുകയുള്ളൂ. അതിനാല്‍ നിരവധി വിശ്വാസികള്‍ ദേവാലയങ്ങളില്‍ പോകാതെ ചെറുസംഘങ്ങളായി വീടുകളില്‍ രഹസ്യമായി ആരാധനകള്‍ നടത്തിവരുന്നുണ്ടെന്നാണ് വിവരം.
മെത്രാന്‍മാരുടെ നിയമനത്തില്‍ ചൈനയും വത്തിക്കാനും പരസ്പര ധാരണയോടടുക്കുന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും, രാജ്യത്തു ക്രിസ്ത്യാനികള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ വാര്‍ത്ത സൂചിപ്പിക്കുന്നത്.