News - 2024

രോഗമല്ല, പാപമാണ് നമ്മെ അശുദ്ധരാക്കുന്നത്: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 13-02-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ലായെന്നും പാപമാണ് നമ്മെ അശുദ്ധരാക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനവും ആഗോള രോഗി ദിനവുമായ ഫെബ്രുവരി 11ന് സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ ആയിരങ്ങളോട് സംസാരിക്കുകയായിരിന്നു പാപ്പ. രോഗം ദൈവവുമായുള്ള ബന്ധം വേര്‍പെടുത്തുകയോ ആ ബന്ധത്തിന് പ്രതിബന്ധമാകുകയോ ചെയ്യുന്നില്ലായെന്നും പാപമാണ് ദൈവത്തില്‍ നിന്ന്‍ നമ്മേ അകറ്റുന്നതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കുഷ്ഠരോഗിയെ യേശു സൗഖ്യമാക്കുന്ന ഭാഗത്തെ അധികരിച്ചാണ് പാപ്പ തന്റെ സന്ദേശം നല്‍കിയത്.

കുഷ്ഠരോഗം അശുദ്ധിയുടെ അടയാളമായിട്ടാണ് പഴയനിയമത്തില്‍ കരുതപ്പെട്ടിരുന്നത്. ആകയാല്‍ കുഷ്ഠരോഗി സമൂഹത്തില്‍ നിന്നു അകന്നു കഴിയാന്‍ ബാധ്യസ്ഥനായിരുന്നു. അവര്‍ ഒറ്റപ്പെട്ടു ജീവിക്കുകയായിരുന്നു. വളരെ പരിതാപകരമായിരുന്നു ആ അവസ്ഥ. കാരണം, അക്കാല ഘട്ടത്തിന്‍റെ വീക്ഷണത്തില്‍ കുഷ്ഠരോഗി മനുഷ്യരുടെ മുന്നില്‍ മാത്രമല്ല ദൈവത്തിന്‍റെ മുന്നിലും അശുദ്ധിയുള്ളവനായിരുന്നു. ദൈവതിരുമുമ്പിലും അശുദ്ധിയുള്ളവനായി കണക്കാക്കപ്പെട്ടിരുന്നു എന്ന ചിന്ത ഉണ്ടായതിനെ തുടര്‍ന്നാണ് കുഷ്ഠരോഗി “അങ്ങേയ്ക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും” എന്ന്‍ യേശുവിനോട് യാചിക്കുന്നത്: യേശുവിന് കരുണതോന്നി.

യേശുവിന്റെ കരുണയാണ് കുഷ്ഠരോഗിയുടെ നേര്‍ക്കു കൈനീട്ടാനും അവനെ തൊട്ടുകൊണ്ട് “എനിക്കു മനസ്സുണ്ട്, നിനക്ക് ശുദ്ധിയുണ്ടാകട്ടെ” എന്ന് പറയാനും അവിടുത്തെ പ്രേരിപ്പിച്ചത്. യേശുവിന്‍റെ അനുകമ്പ നിറഞ്ഞ,കരുണ നിറഞ്ഞ ഹൃദയത്തിലേക്ക് കടക്കാനായില്ലെങ്കില്‍ നമുക്ക് ക്രിസ്തുവിന്‍റെ പ്രവര്‍ത്തനവും ക്രിസ്തുവിനെ തന്നെയും മനസ്സിലാക്കാന്‍ കഴിയില്ല. യേശു കുഷ്ഠരോഗിയെ സ്പര്‍ശിച്ചു എന്നതാണ് ഏറ്റം ഹൃദയസ്പര്‍ശിയായ സംഭവം. ഇവിടെ അശുദ്ധിയുടെ ശക്തി കുഷ്ഠരോഗിയില്‍ നിന്ന് യേശുവിലേക്ക് ഒഴുകുന്നില്ല, മറിച്ച് ശുദ്ധീകരിക്കുന്ന ശക്തി യേശുവില്‍ നിന്ന് കുഷ്ഠരോഗിയിലേക്ക് പ്രവഹിക്കുന്നു.

ഒരു രോഗവും അശുദ്ധിക്കു കാരണമാകുന്നില്ല; രോഗം, തീര്‍ച്ചയായും ഒരു മനുഷ്യനെ മൊത്തത്തില്‍ ബാധിക്കുന്നു. എന്നാലത് ദൈവവുമായുള്ള അവന്‍റെ ബന്ധം വേര്‍പെടുത്തുകയോ, ആ ബന്ധത്തിന് പ്രതിബന്ധമാകുകയോ ചെയ്യുന്നില്ല. മറിച്ച്, ഒരു രോഗി ദൈവത്തോടു കൂടുതല്‍ ഐക്യം പുലര്‍ത്തുന്നവനാകുന്നു. പാപമാണ് നമ്മെ അശുദ്ധരാക്കുന്നത്. സ്വാര്‍ത്ഥത, അഴിമതിയുടെ ലോകത്തിലേക്കു കടക്കല്‍ എന്നിവയാണ് ഹൃദയത്തിന്‍റെ രോഗങ്ങള്‍. നമുക്ക് സൗഖ്യവും പ്രത്യാശയും ഹൃദയസമാധാനവും കര്‍ത്താവില്‍ നിന്ന്‍ ലഭിക്കുന്നതിന് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടാം എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.


Related Articles »