News - 2024

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സ്മരിച്ച് മാര്‍പാപ്പയുടെ ദിവ്യബലി

സ്വന്തം ലേഖകന്‍ 14-02-2018 - Wednesday

വത്തിക്കാന്‍ സിറ്റി: മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സഭയുടെ പാത്രിയാര്‍ക്കീസ് ബിഷപ്പ് ജോസഫ് അബ്സിയുമൊത്ത് മാര്‍പാപ്പ അര്‍പ്പിച്ച ബലിയില്‍ മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ പ്രത്യേകമായി സ്മരിച്ചു. ഇന്നലെ ഫെബ്രുവരി, 13-ാംതീയതി, ഗ്രീക്ക്-മെല്‍ക്കൈറ്റ് സിനഡംഗങ്ങളോടൊത്ത് സാന്താമാര്‍ത്താ കപ്പേളയിലാണ് ഫ്രാന്‍സിസ് പാപ്പ ബലി അര്‍പ്പിച്ചത്. പതിവു വചനസന്ദേശം നല്‍കാതെ, സഭയുടെ പാത്രിയര്‍ക്കീസ് ജോസഫ് അബ്സിയെയും മറ്റു മേലധ്യക്ഷന്മാരെയും അഭിസംബോധന ചെയ്തുകൊണ്ടായിരിന്നു പാപ്പയുടെ സന്ദേശം. പാത്രിയര്‍ക്കീസ് ജോസഫിനോടൊത്തുള്ള ദിവ്യബലി അപ്പസ്തോലിക ഐക്യമാണ് സംജാതമാക്കിയിരിക്കുന്നതെന്ന്‍ പാപ്പ പറഞ്ഞു.

"കത്തോലിക്കാ ദൈവശാസ്ത്രത്തിനുള്ളില്‍ത്തന്നെ സ്വന്തമായ ഒരു ദൈവശാസ്ത്രവും, വിസ്മയനീയമായ ആരാധനാക്രമവും, ജനതയും ഉള്ള ഒരു സമ്പന്നയായ സഭയാണ് മെല്‍ക്കൈറ്റ് സഭ. ഇപ്പോള്‍ ഈ ജനതയുടെ ഭൂരിഭാഗവും യേശുവിനെപ്പോലെ ക്രൂശിക്കപ്പെടുകയാണ്. ആ ജനതയ്ക്കുവേണ്ടി, സഹിക്കുന്ന ആ ജനതയ്ക്കുവേണ്ടി, മധ്യപൂര്‍വദേശങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്കുവേണ്ടി, തങ്ങളുടെ ജീവനും വസ്തുവകകളൊക്കെയും ഉപേക്ഷിച്ച് പലായനം ചെയ്യപ്പെടുന്ന അവര്‍ക്കുവേണ്ടി നാം ഈ ദിവ്യബലി കാഴ്ച വയ്ക്കുകയാണ്. ഒപ്പം, നമ്മുടെ സഹോദരന്‍ യൂസെഫിനും വേണ്ടി ഈ ദിവ്യബലി സമര്‍പ്പിക്കുന്നു". പാപ്പ പറഞ്ഞു.

ദിവ്യബലിയില്‍ പാത്രിയര്‍ക്കീസ് ജോസഫ് അബ്സി സഹകാര്‍മികനായിരുന്നു. വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ പാത്രിയാര്‍ക്കീസ് ഗ്രീക്ക്-മെല്‍ക്കൈറ്റ് സഭയുടെ സിനഡിന്‍റെ പേരില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് നന്ദി അറിയിച്ചു. തങ്ങളുടെ സഭയോടു കാണിച്ച ഐക്യദാര്‍ഢ്യത്താല്‍ സ്പര്‍ശിക്കപ്പെട്ടുവെന്നും ഇത് തങ്ങളുടെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹോദര്യവും ഐക്യവും, എല്ലാ ക്രിസ്തുശിഷ്യരെയും ബന്ധിപ്പിക്കുന്നതാണെന്നും പാത്രീയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ് അന്തിയോക്ക ആസ്ഥാനമായുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസായി 71-കാരനായ ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടത്.


Related Articles »