News - 2025

ജറുസലേമില്‍ സഭാ സ്വത്തുക്കള്‍ക്ക് നികുതി; പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകന്‍ 16-02-2018 - Friday

ജറുസലേം: ക്രൈസ്തവ ദേവാലയങ്ങളും പൊതു അധികാര കേന്ദ്രങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന പരസ്പര ധാരണയെ തകിടം മറിച്ചുകൊണ്ട് സഭാ സ്വത്തുക്കള്‍ക്ക് മുനിസിപ്പല്‍ നികുതി (അര്‍നോണ) ഏര്‍പ്പെടുത്തുവാന്‍ ജറുസലേമില്‍ നീക്കം. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വിഷയത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ അദ്ധ്യക്ഷന്മാര്‍ ഇക്കഴിഞ്ഞ ബുധനാഴ്ച സംയുക്ത പ്രസ്താവനയിറക്കി. പതിമൂന്നോളം വിവിധ ക്രിസ്ത്യന്‍ സഭാ- സാമുദായിക തലവന്‍മാര്‍ പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. ജറുസലേമിലെ സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുന്നതിനെതിരെ തങ്ങള്‍ ഒരുമിച്ച് നില്‍ക്കുമെന്നും, തങ്ങളുടെ സഭാസ്വത്തുക്കള്‍ സംരക്ഷിക്കുമെന്നും സഭാതലവന്‍മാര്‍ വ്യക്തമാക്കി.

നടപടി ജറുസലേമിന്റെ വിശുദ്ധിയെ നശിപ്പിക്കുമെന്നും, ആഗോള സഭക്ക് വേണ്ടി തങ്ങള്‍ നടത്തിവരുന്ന പ്രേഷിത, കാരുണ്യ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. സഭാസ്വത്തുക്കള്‍ക്ക് നികുതിയേര്‍പ്പെടുത്തുമെന്ന മുനിസിപ്പാലിറ്റിയുടെ പ്രസ്താവന പിന്‍വലിക്കണമെന്നും, ചരിത്രപരമായി തുടര്‍ന്നു വരുന്ന പതിവ് അതേപടി നിലനിര്‍ത്തണമെന്നും സഭാനേതൃത്വം ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജറുസലേമില്‍ സ്കൂളുകളും, ആശുപത്രികളും, വൃദ്ധഭവനങ്ങളും, അനാഥാലയങ്ങളും നിര്‍മ്മിക്കുവാന്‍ കോടാനുകോടികള്‍ ചിലവഴിച്ചിട്ടുള്ള ക്രിസ്ത്യന്‍ സഭകളുടെ സംഭാവനകളെ സിവില്‍ അധികാരികള്‍ എപ്പോഴും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ഓര്‍മ്മപ്പെടുത്തുന്നു.

ക്രിസ്ത്യന്‍ സഭാസ്വത്തുക്കളുടെ മേലുള്ള കടന്നുകയറ്റമായിട്ടാണ് ജറുസലേം മുനിസിപ്പാലിറ്റിയുടെ നീക്കത്തെ ക്രൈസ്തവലോകം കണ്ടുവരുന്നത്. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭാ പാത്രിയാര്‍ക്കീസ് തിയോഫിലോസ് III, അര്‍മേനിയന്‍ അപ്പസ്തോലിക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് നോര്‍ഹാന്‍ മാനോജിയന്‍, ലാറ്റിന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റാ പിസബെല്ല, ഫ്രാന്‍സിസ്കന്‍ സഭയുടെ റെക്ടര്‍ ഫാ. ഫ്രാന്‍സെസ്കോ പാറ്റണ്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്ന പ്രമുഖ സഭാധ്യക്ഷന്മാര്‍.


Related Articles »