News - 2025
ക്രൈസ്തവ വിശ്വാസം യൂറോപ്പിന്റെ അവസാനത്തെ പ്രതീക്ഷ: ഹംഗറി പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍ 19-02-2018 - Monday
ബുഡാപെസ്റ്റ്: ക്രൈസ്തവ വിശ്വാസം മാത്രമാണ് യൂറോപ്പിന്റെ അവസാന പ്രതീക്ഷയെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ഇന്നലെ ബുഡാപെസ്റ്റിലെ റോയല്‍ കാസ്സിലില്‍ നടന്ന വാര്‍ഷിക സ്റ്റേറ്റ് ഓഫ് നേഷന്‍ പ്രസംഗത്തിനിടയിലാണ് ഓര്‍ബാന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ക്രിസ്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും യൂറോപ്പിലെ ഇസ്ലാമിക അധിനിവേശത്തിനു കൂട്ടുനില്‍ക്കുന്നതില്‍ നിന്നു രാഷ്ട്രീയക്കാര്‍ പിന്‍മാറമെന്നും ഓര്‍ബാന്‍ ഓര്‍മ്മിപ്പിച്ചു. ബ്രസ്സല്‍സ്, ബെര്‍ളിന്‍, പാരീസ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ വിമര്‍ശിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസംഗം.
അഭയാര്‍ത്ഥികള്‍ സാധാരണയായി വലിയ നഗരങ്ങള്‍ ലക്ഷ്യം വെക്കുന്നതിനാല്‍, യഥാര്‍ത്ഥ ജര്‍മ്മനിക്കാര്‍ വലിയ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധങ്ങളും, പട്ടിണിയും നിമിത്തം 2015 മുതല്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ നിലക്കാത്ത പ്രവാഹമാണ്. പടിഞ്ഞാറന്‍ യൂറോപ്പ് ഇതിനോടകം തന്നെ ഇസ്ലാമിന്റെ കയ്യിലാണ്. അധികം താമസിയാതെ തന്നെ പടിഞ്ഞാറു നിന്നും തെക്ക് നിന്നും ഇസ്ലാം മധ്യയൂറോപ്പിന്റെ വാതില്‍ക്കലും മുട്ടുമെന്നും ഓര്‍ബാന്‍ പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ തിരഞ്ഞെടുപ്പ് നടക്കുവാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് എതിരെ പ്രസ്താവനയുമായി നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരിന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷണം കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സ്വന്തം ദേശമായ യൂറോപ്പിന്റെ പ്രതിരോധത്തിനും വേണ്ടിയാണെന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിപ്രായപ്പെട്ടിരിന്നു. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി കഴിഞ്ഞ വര്‍ഷം നല്‍കിയത്.