News

“Oz റോസറി #53”: ജപമാല കൊണ്ട് രാജ്യത്തെ പൊതിയാന്‍ ഓസ്ട്രേലിയായും

സ്വന്തം ലേഖകന്‍ 19-02-2018 - Monday

സിഡ്നി: പരിശുദ്ധ കന്യകാമറിയത്തിലൂടെ ഓസ്ട്രേലിയയെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുവാന്‍ കത്തോലിക്ക വിശ്വാസികള്‍ ദേശവ്യാപകമായി ജപമാല യജ്ഞത്തിനു തയാറെടുക്കുന്നു. “Oz” റോസറി എന്ന പേരിലാണ് ജപമാല യജ്ഞം സംഘടിപ്പിക്കുന്നത്. പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമായിലെ പ്രത്യക്ഷീകരണത്തിന്റെ 101-ാം വാര്‍ഷിക ദിനമായ മെയ് 13 ഞായറാഴ്ചയായിരിക്കും ‘ദേശീയ ജപമാലയത്നം’ സംഘടിപ്പിക്കുക. ‘ഓസ്ട്രേലിയന്‍’ എന്നതിന്റെ നാടന്‍ പദപ്രയോഗമാണ് “Oz”. ജപമാലക്കിടയില്‍ “നന്മ നിറഞ്ഞ മറിയമേ..” എന്ന പ്രാര്‍ത്ഥന 53 പ്രാവശ്യം ചൊല്ലുന്നതിനെ സൂചിപ്പിച്ചു “Oz റോസറി 53” എന്ന പേരിലും ഈ ജപമാല കൂട്ടായ്മ അറിയപ്പെടുന്നുണ്ട്.

രാജ്യത്തിന് ചുറ്റും ജപമാലയാല്‍ വലയം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ 53 സ്ഥലങ്ങളില്‍ ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. തയ്യാറെടുപ്പുകള്‍ പ്രാരംഭദശയിലാണെങ്കിലും ഇതിനോടകം തന്നെ സിഡ്നിക്കും, കാന്‍ബറക്കും സമീപമുള്ള നിരവധി സ്കൂളുകളും, ഇടവകകളും ഈ ജപമാലയജ്ഞത്തില്‍ പങ്കുചേരുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും നേതൃത്വം പറഞ്ഞു. രാജ്യത്തുള്ള മുഴുവന്‍ ഇടവകകളോടും,യുവജന കൂട്ടായ്മകളോടും “Oz” റോസറിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സംഘാടകരുടെ ഫേസ്ബുക്ക് പേജും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ഓസ്ട്രേലിയയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളിലെ ഇടവകകളിലേക്ക് Oz റോസറി വ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. സിഡ്നിയില്‍ വിശ്രമജീവിതം നയിക്കുന്ന എമിരറ്റസ് മെത്രാന്‍ ഡേവിഡ് ക്രെമിന്റെ അനുഗ്രഹവും പിന്തുണയും ഈ ദേശീയ ജപമാല യജ്ഞത്തിനുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനു മുന്‍പ് പലരാജ്യങ്ങളിലും സമാനമായൊരു ജപമാല കൂട്ടായ്മകള്‍ സംഘടിപ്പിച്ചിരുന്നു. വന്‍ വിജയമായ ‘റോസറി റ്റു ദി ബോര്‍ഡര്‍’ എന്ന പേരില്‍ പോളണ്ടാണ് ആഗോള തലത്തില്‍ ജപമാലയത്നത്തിന് ആരംഭം കുറിച്ചത്.

പിന്നീട് അയര്‍ലണ്ട്, ഇറ്റലി, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഈ മാതൃക അനുകരിക്കുകയായിരുന്നു. എല്ലാ കൂട്ടായ്മകളിലും പതിനായിരങ്ങളുടെ പങ്കാളിത്തമാണ് ഉണ്ടായത്. ഇതിന് സമാനമായ ജപമാലയത്നം ഗ്രേറ്റ് ബ്രിട്ടനിലും നടക്കും. ഏപ്രില്‍ 29 ഞായറാഴ്ച ‘റോസറി ഓണ്‍ ദി കോസ്റ്റ്’ എന്ന പേരില്‍ ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശങ്ങളിലൂടെയാണ് ജപമാല പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നത്.


Related Articles »