News - 2024

മെക്സിക്കന്‍ രൂപതയില്‍ നിന്ന് കന്യാസ്ത്രീകളെ പിന്‍വലിച്ചു

സ്വന്തം ലേഖകന്‍ 20-02-2018 - Tuesday

മെക്സിക്കോ സിറ്റി: തെക്കൻ മെക്സിക്കോയിൽ അക്രമം രൂക്ഷമായ സഹാചര്യത്തില്‍ ചിലാപ നഗരത്തിൽ നിന്നും കന്യാസ്ത്രീകളെ, കത്തോലിക്ക സഭാനേതൃത്വം തിരിച്ചുവിളിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് രണ്ട് വൈദികർ വധിക്കപ്പെട്ട മേഖലയിൽ നിന്നും സന്യസ്ഥരുടെ സുരക്ഷയെ മുൻനിറുത്തിയാണ് ചിലാപ രൂപതയുടെ തീരുമാനം. പ്രദേശത്ത് മയക്കുമരുന്ന്‍ മാഫിയാകളുടെ ആക്രമണം രൂക്ഷമാകുകയാണ്. ഇവരുടെ ഭീഷണിയെ തുടര്‍ന്നു സന്യസ്ഥര്‍ നടത്തിയിരുന്ന ഏറെ പഴക്കമുള്ള സ്കൂൾ നേരത്തെ അടച്ചു പൂട്ടിയിരിന്നു. അടുത്തിടെ നടന്ന അക്രമത്തില്‍ സ്കൂളില്‍ സേവനം ചെയ്തുകൊണ്ടിരിന്ന കന്യാസ്ത്രീയുടെ മാതാപിതാക്കളെ മയക്കുമരുന്ന്‍ മാഫിയ വധിച്ചിരിന്നു.

കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്തരുതെന്നും സ്കൂൾ അടയ്ക്കുന്നത് കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിദ്യാഭ്യാസം നിരസിക്കുന്നതിന് തുല്യമാണെന്നും ചിലാപ രൂപത പ്രസ്താവനയില്‍ കുറിച്ചു. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ് രൂപതയിലെ രണ്ട് വൈദികർ തോക്ക് ധാരികളുടെ ആക്രമണത്തിൽ വധിക്കപ്പെട്ടത്. ധ്യാന ശുശ്രൂഷയില്‍ പങ്കെടുത്ത് ജൂലിയന്ത എന്ന പ്രദേശത്ത് നിന്നും തിരിച്ച് വരികയായിരുന്ന വൈദിക സംഘത്തിന് നേരെ വാഹനത്തിലെത്തിയ ആക്രമികൾ നിറയൊഴിക്കുകയായിരിന്നു. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ മെക്സികോയിൽ മാത്രം അറുപതോളം വൈദികര്‍ വ്യക്തമായ കാരണങ്ങളില്ലാതെ വധിക്കപ്പെട്ടെന്നാണ് ചർച്ച് ഇൻ നീഡ് പൊന്തിഫിക്കൽ ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട്.


Related Articles »