News - 2025
ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് തടവുശിക്ഷ
സ്വന്തം ലേഖകന്‍ 21-02-2018 - Wednesday
ടെഹ്റാന്‍: ഇറാനില്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വിശ്വാസി രണ്ട് മാസമായി ജയിലില്‍. അലി അമിനി എന്ന ഫിലിപ് അമിനിയാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് ഇറാനിലെ വടക്ക് പടിഞ്ഞാറന്‍ നഗരമായ താബ്രിസിലെ ജയിലില്‍ കഴിയുന്നത്. ആര്‍ട്ടിക്കിള്‍ 18 എന്ന മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അന്താരാഷ്ട്ര നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇറാനില്‍ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ നടക്കുന്നതെന്ന് ആര്‍ട്ടിക്കിള്‍ 18-ന്റെ വക്താവ് പറയുന്നു. വിവാഹിതനും മൂന്നും, ഒന്നും വീതം പ്രായമുള്ള രണ്ടുകുട്ടികളുടെ പിതാവുമായ അമിനി കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.
2017 ഡിസംബര്‍ 10-നു അമിനി ജോലി ചെയ്യുന്ന കടയിലേക്ക് ഇരച്ചു കയറിയ പോലീസ് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കൊപ്പം അമിനിയെ അന്യായമായി അറസ്റ്റു ചെയ്യുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ്. അലി അമിനിയുടേത് ഒറ്റപ്പെട്ട സംഭവമല്ലായെന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ദേവാലയം സ്ഥാപിച്ചതിന് നാസര്‍ നാവര്‍ ഗോള്‍ടാപെ എന്ന ഇവാഞ്ചലിക്കല്‍ സഭാംഗം ടെഹ്റാനിലെ കുപ്രസിദ്ധ ജയിലായ എവിന്‍ പ്രിസണില്‍ പത്തു വര്‍ഷത്തെ തടവ് ശിക്ഷയനുഭവിച്ചുവരികയാണ്. ദേശ സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ചു എന്നാണ് ഇദ്ദേഹത്തിനു എതിരെ ആരോപിച്ചിരിക്കുന്ന കുറ്റം.
മതസ്വാതന്ത്ര്യവും, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണവും ഇറാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 18 ഉറപ്പുനല്‍കുന്നുണ്ടെങ്കിലും, ഇസ്ലാമില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണ് രാജ്യത്തു കണക്കാക്കി വരുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ ബൈബിള്‍ അച്ചടിക്കുന്നതും വീടുകള്‍ കേന്ദ്രമാക്കി ആരാധന നടത്തുന്നതും ഇറാനില്‍ നിയമവിരുദ്ധമാണ്. നിയമപരമായി യാതൊരു സാധുതയില്ലാത്ത കുറ്റാരോപണങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്നത്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക, പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുക തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ക്ക് അറസ്റ്റിലായ ക്രിസ്ത്യാനികളെ കാത്തിരിക്കുന്നത് 10 വര്‍ഷത്തെ തടവ് അടക്കമുള്ള കടുത്ത ശിക്ഷകളാണ്.
ഇറാനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ച ഭരണകൂടത്തെ അലോസരപ്പെടുത്തുന്നുണ്ട് എന്നതിന്റെ തെളിവാണ് കടുത്ത ശിക്ഷകള്‍ നല്‍കുന്നതിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. അതേസമയം മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനും, ഇസ്ലാമിനെ പ്രചരിപ്പിക്കുവാനും ദശലക്ഷകണക്കിന് പണമാണ് ഇറാന്‍ ചിലവിടുന്നത്. ഇത്രയേറെ അടിച്ചമര്‍ത്തലുകള്‍ നേരിടുന്നുണ്ടെങ്കിലും ‘റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഓപ്പറേഷന്‍ വേള്‍ഡിന്റെ’ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും വേഗത്തില്‍ ക്രൈസ്തവ വിശ്വാസം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.