News - 2025

ഭൂതോച്ചാടനത്തിനുള്ള വര്‍ദ്ധിച്ച ആവശ്യം: വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ്

സ്വന്തം ലേഖകന്‍ 26-02-2018 - Monday

റോം: ആഗോളതലത്തില്‍ ഭൂതോച്ചാടന കര്‍മ്മങ്ങള്‍ക്കായി ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ശരിയായ പരിശീലനത്തിനും, ചര്‍ച്ചക്കുമായി വത്തിക്കാനില്‍ പ്രത്യേക കോണ്‍ഫറന്‍സ് നടത്തും. റോമിലെ പൊന്തിഫിക്കല്‍ എതീനിയം റെജീന അപ്പസ്തോലൊറമില്‍ വെച്ച് ഏപ്രില്‍ മാസത്തിലാണ് കോണ്‍ഫറന്‍സ് നടക്കുക. ഇറ്റലിയില്‍ മാത്രം ഭൂതോച്ചാടനത്തിനു ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ മൂന്ന്‍ മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 5,00,000 ഭൂതോച്ചാടന കേസുകളാണ് രാജ്യത്തു രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുസഭ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ പിശാച് ബാധയകറ്റുവാനുള്ള വിദ്യകള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുന്ന പുരോഹിതരുടെ എണ്ണം കുറവാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഫറന്‍സ് നടത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. ഭൂതോച്ചാടകരുടേയും, പിശാച് ബാധയില്‍ നിന്നും മോചനം നേടിയവരുടേയും സാക്ഷ്യങ്ങളും, സാത്താനിസത്തെകുറിച്ചുള്ള ചര്‍ച്ചകളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടാകും.

ഭാവി പ്രവചിക്കുന്നവരുടേയും, ടാരറ്റ് കാര്‍ഡ് വായിക്കുന്നവരുടേയും അടുത്ത് പോകുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പിശാച് ബാധിതരുടെ എണ്ണത്തിലുള്ള വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് കോണ്‍ഫറന്‍സിന്റെ സംഘാടകരില്‍ ഒരാളായ ഫ്രിയാര്‍ ബെനിന്‍ഗോ പാലില്ലാ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ സാത്താന് വാതില്‍ തുറന്നു കൊടുക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

എല്ലാം തന്നെ യഥാര്‍ത്ഥത്തില്‍ പിശാച് ബാധയായി കൊള്ളണമെന്നില്ല. മനശാസ്ത്രപരവും, മാനസികവുമായ പ്രശ്നങ്ങളും വിഷയത്തില്‍ ഉണ്ടാകാം. കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തില്‍ ഭൂതോച്ചാടനം അംഗീകരിക്കുന്നുണ്ടെങ്കിലും ശുശ്രൂഷ ചെയ്യുന്നതിനായി സഭയുടെ ഉന്നതതലത്തിലുള്ള അനുവാദം ആവശ്യമാണ്‌. പിശാച് ബാധയൊഴിപ്പിക്കലിന് ശരിയായ പരിശീലനത്തിന്റെ ആവശ്യമുണ്ട്. സ്വയം പഠിച്ച് പിശാച് ബാധയൊഴിപ്പിക്കുന്നത് തെറ്റുകള്‍ വരുത്തുന്നതിന് കാരണമാകുമെന്നും വിദഗ്ദരായ ഭൂതോച്ചാടകരുടെ ഒപ്പം നിന്നു വൈദഗ്ദ്യം നേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1990-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ എക്സോര്‍സിസ്റ്റ് അസോസിയേഷനെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ട്. 6 ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 200-ഓളം ഭൂതോച്ചാടകര്‍ക്കാണ് ഔദ്യോഗിക ലൈസന്‍സ് നല്കിയിട്ടുള്ളത്.


Related Articles »