News - 2025
ഡൽഹിയില്‍ മുപ്പത്തിമൂന്ന് ജെസ്യൂട്ട് ഡീക്കന്മാർ അഭിഷിക്തരായി
സ്വന്തം ലേഖകന്‍ 27-02-2018 - Tuesday
ന്യൂഡൽഹി: തെക്കൻ ഏഷ്യയിലെ പതിമൂന്ന് ജെസ്യൂട്ട് പ്രോവിന്‍സുകളില്‍ നിന്നുമായി മുപ്പത്തിമൂന്ന് ഡീക്കന്മാര്‍ അഭിഷിക്തരായി പുതിയ ദൗത്യമേറ്റെടുത്തു. ഫെബ്രുവരി 24 ശനിയാഴ്ച ഡൽഹി സെന്റ് സേവ്യേഴ്സ് സ്കൂൾ മില്ലേനിയം ഹാളിൽ നടന്ന ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ മുഖ്യകാർമ്മികത്വം വഹിച്ചു. വിദ്യാജ്യോതി കോളേജ് ഓഫ് തിയോളജിയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡീക്കന്മാരാണ് അഭിഷിക്തരായത്. മിഷൻ പ്രവർത്തനങ്ങളിൽ തീക്ഷ്ണതയോടെ പങ്കെടുക്കാനും ദൈവത്തിന്റെ വരദാനങ്ങളാൽ പൂരിതരാകാനും ആർച്ച് ബിഷപ്പ് നവാഭിഷിക്തരോട് ആഹ്വാനം ചെയ്തു. പുതിയ ഇടയ ദൗത്യം വഴി വിശ്വാസികളുടെ ആത്മീയ പരിവർത്തനം സാധ്യമാകട്ടെയെന്നും ആദ്ദേഹം ആശംസിച്ചു.
ചടങ്ങുകളുടെ സമാപനത്തിൽ ഗായക സംഘം സകല വിശുദ്ധരുടേയും ലുത്തിയ ആലപിച്ചപ്പോൾ ഡീക്കന്മാർ അൾത്താരയ്ക്ക് മുൻപിൽ സാഷ്ടാംഗം പ്രണമിച്ചു. വിദ്യാജ്യോതി ജെസ്യൂട്ട് സെമിനാരി റെക്ടർ ഫാ. മിഖായേൽ ടി. രാജ്, സെമിനാരി പ്രിൻസിപ്പാൾ ഫാ. പി. ആർ. ജോൺ എന്നിവരുംചടങ്ങിൽ സന്നിഹിതരായിരുന്നു. മാതൃസഭയിൽ സേവനമനുഷ്ഠിക്കാൻ കർമ്മനിരതരായ ഡീക്കന്മാരുടെ പ്രവർത്തനത്തിന് പ്രാർത്ഥനാശംസകൾ നേരുവാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ള നൂറോളം പേരാണ് സ്കൂള്‍ അങ്കണത്തില്‍ എത്തിയത്.