News - 2024

ബില്ലി ഗ്രഹാമിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ്

സ്വന്തം ലേഖകന്‍ 28-02-2018 - Wednesday

വാഷിംഗ്ടൺ: കഴിഞ്ഞ ആഴ്ച അന്തരിച്ച പ്രശസ്ത സുവിശേഷ പ്രഘോഷകൻ ബില്ലി ഗ്രഹാമിനെ അനുസ്മരിച്ച് അമേരിക്കന്‍ പാര്‍ലമെന്‍റ്. ബില്ലി ഗ്രഹാമിന്റെ സ്മരണയ്ക്കായാണ് അമേരിക്കന്‍ ഹൗസ്‌ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം സമയം മാറ്റിവെച്ചത്. ഓരോ പ്രതിനിധിയും 'അമേരിക്കയുടെ പാസ്റ്റര്‍' എന്നറിയപ്പെട്ടിരിന്ന ബില്ലിയെ സ്മരിച്ചു. ബില്ലി ഗ്രഹാം ഒപ്പിട്ട് നല്കിയ വിശുദ്ധ ഗ്രന്ഥം താന്‍ ഒരു നിധിയായി കാത്തു സൂക്ഷിക്കുന്നുവെന്ന് പാർലമെന്റ് അംഗം ജോഡി ഹൈസ് വെളിപ്പെടുത്തി. മാർട്ടിൻ ലൂഥർ കിങ്ങിനോടൊപ്പം വർണവിവേചനത്തിനെതിരെ പോരാടിയ വ്യക്തിയാണ് ഗ്രഹാമെന്ന് നിയമസഭാംഗം ബാരി ലോധർമില്ലിക്ക് അനുസ്മരിച്ചു.

ദൈവത്തെ മറന്നു ജീവിക്കുന്ന സമൂഹത്തിൽ സുവിശേഷം പ്രഘോഷിച്ച ബില്ലിയുടെ സേവനം സ്തുത്യര്‍ഹമായിരിന്നുവെന്ന്‍ സെനറ്റ് അംഗം റോബർട്ട് അഡർഹോൾട്ട് അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തിന്റെ ഉദാത്ത മാതൃകയും ദൈവത്തിന്റെ സ്നേഹം പ്രഘോഷിച്ച ബില്ലി ഗ്രഹാമിന്റെ ജീവിതം തന്നെ ഒരു സന്ദേശമാണെന്ന് റാന്റി ഹൾട്ട്ഗ്രെൻ പ്രസ്താവിച്ചു. ദൈവസ്നേഹത്തിന്റെ തീക്ഷ്ണതയിൽ ജീവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും റാന്റി അനുസ്മരിച്ചു.

2007 ല്‍ അന്തരിച്ച ഭാര്യ റൂത്തിന്റെ കല്ലറക്ക് സമീപമാണ് ബില്ലിഗ്രഹാത്തിന് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് 2നാണ് ബില്ലി ഗ്രഹാമിന്റെ മൃതശരീരം സംസ്ക്കരിക്കുക. കാപ്പിറ്റോള്‍ ബില്ലി ഗ്രഹാം ലൈബ്രറി പരിസരത്താണ് മൃതദേഹം അടക്കം ചെയ്യുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന പതിനായിരങ്ങള്‍ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കുവാന്‍ എത്തുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കെടുക്കും.


Related Articles »