News - 2025
സഭയിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 06-03-2018 - Tuesday
വത്തിക്കാന്‍ സിറ്റി: സഭയിലെ കച്ചവട സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഫ്രാന്‍സിസ് പാപ്പ. മഹത്തായ കാര്യങ്ങള്‍ ചെയ്യുമ്പോഴും സ്വാര്‍ത്ഥ മോഹങ്ങള്‍ക്കായും, വ്യക്തി താല്‍പ്പര്യങ്ങള്‍ക്കായും പ്രവര്‍ത്തിക്കരുതെന്നും ദൈവത്തിന്റെ ആലയം കച്ചവടസ്ഥലമാക്കുന്ന മനോഭാവത്തിലേക്ക് വഴുതിവീഴുന്ന സ്വഭാവം മോശമാണെന്നും പാപ്പ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ ത്രികാലജപ പ്രാര്‍ത്ഥനയോടൊപ്പം പങ്കുവെക്കാറുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. യേശു ജെറുസലേം ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചു പുറത്താക്കിയ സംഭവത്തെ സൂചിപ്പിച്ച പാപ്പാ, “എന്റെ പിതാവിന്റെ ഭവനം കച്ചവടസ്ഥലമാക്കുന്നുവോ?” എന്ന യേശുവിന്റെ ചോദ്യം സഭാധികാരികള്‍ക്ക് മാത്രമല്ല, നമ്മള്‍ ഓരോരുത്തരേയും സംബന്ധിച്ചിടത്തോളം ഇന്നും നിലനില്‍ക്കുന്നതാണെന്നും പറഞ്ഞു.
നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ പോലും വ്യക്തിഗത താല്‍പ്പര്യങ്ങളുടെ പ്രലോഭനങ്ങളില്‍ വീഴുന്നത് സാധാരണമാണ്. എന്നാല്‍ ഇത് മൂലം തന്റെ സ്വന്തം ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവായ ദൈവം ചൂഷണം ചെയ്യപ്പെടുകയാണ്. അതുകൊണ്ട് ഈ മാരകമായ അപകടത്തില്‍ നിന്നും നമ്മെ രക്ഷിക്കുവാനായിട്ടാണ് യേശു അത്രയും ശക്തമായ നടപടി കച്ചവടക്കാര്‍ക്കെതിരെ സ്വീകരിച്ചത്. യേശുവിന്റെ ഈ നടപടി ജനങ്ങള്‍ക്കിടയില്‍ മതിപ്പുണ്ടാക്കിയെങ്കിലും, തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് ഭീഷണിയാകുമോ എന്ന ഭയം മതപുരോഹിതരെ അലട്ടി. അത് അവരുടെ ശത്രുതയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. യേശുവിന്റെ നടപടിയെ നമുക്കെങ്ങനെ വ്യാഖ്യാനിക്കുവാന്‍ കഴിയും?
അതൊരിക്കലും ഒരു അക്രമപരമായ പ്രവര്‍ത്തിയായിരുന്നില്ല. കാവല്‍ക്കാരാരും അതിനെ എതിര്‍ക്കുകയും ചെയ്തില്ല. മറിച്ച്, ദൈവനിന്ദ അധികമാകുമ്പോള്‍ പ്രവാചകര്‍ ചെയ്യുന്നത് പോലെയുള്ള ഒരു പ്രവര്‍ത്തിമാത്രമായിരുന്നു അത്. എന്റെ പിതാവിന്റെ ആലയം കച്ചവട കേന്ദ്രമാക്കരുതെന്ന യേശുവിന്റെ വാക്കുകള്‍ ദൈവത്തിന്റെ ആലയമായ നമ്മുടെ ആത്മാവിനെ കച്ചവടകേന്ദ്രമാക്കുന്ന അപകടത്തെ പ്രതിരോധിക്കുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്. 20,000-ത്തോളം വിശ്വാസികളാണ് പാപ്പയുടെ സന്ദേശം കേള്‍ക്കുവാന്‍ വത്തിക്കാന്‍ സ്ക്വയറില്‍ എത്തിച്ചേര്‍ന്നത്.