News - 2025
ഒഡീഷയില്‍ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം തകർത്തു
സ്വന്തം ലേഖകന്‍ 06-03-2018 - Tuesday
അലിഗോൺഡ: ഒഡീഷയിലെ ബെർഹാംപുർ അതിരൂപതയ്ക്കു കീഴിലെ അലിഗോൺഡ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രോട്ടോയിലെ അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം അക്രമികൾ തകർത്തു. രൂപത്തിന്റെ ശിരസ്സാണ് തകര്‍ത്തത്. മാർച്ച് 4 ഞായറാഴ്ച നടന്ന സംഭവത്തിനു പിന്നില്‍ ആരാണെന്ന്‍ ഇനിയും വ്യക്തമല്ല. ബെർഹാംപുർ മെത്രാൻ ശരത് ചന്ദ്ര നായകിന്റെ ഇടവക സന്ദർശനത്തോടനുബന്ധിച്ച് നടന്ന ദിവ്യബലിയിൽ വിശ്വാസികൾ പങ്കെടുക്കുമ്പോഴാണ് സംഭവം അരങ്ങേറിയത്. വിശ്വാസികളുടെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് തടസ്സം വരുത്തുകയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു.
അതേസമയം വിശ്വാസികളുടെ ഭാഗത്ത് നിന്നും പ്രകോപനപരമായ നീക്കം ഉണ്ടാകരുതെന്നും രൂപത ബിഷപ്പ് നിർദ്ദേശം നൽകി. ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണമുണ്ടായ സാഹചര്യത്തിൽ വിശ്വാസികൾ അസ്വസ്ഥരാണെന്നും പ്രതികളോട് ക്ഷമിക്കുന്നുവെന്നും ഇടവക വികാരി ഫാ. അയിറ്റ് കുമാർ നായക് ഫിഡ്സ് ന്യൂസിനോട് പറഞ്ഞു. പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന്റെ തല തകർക്കപ്പെട്ടതിൽ ഇടവക സമൂഹം അതീവ ദുഃഖിതരാണ്. സംഭവത്തിന് നേതൃത്വം വഹിച്ചവരോട് ക്ഷമിക്കുന്നു. പരസ്പര ബഹുമാനത്തോടെ എല്ലാ മതസ്ഥർക്കും ജീവിക്കാൻ സ്വാതന്ത്ര്യം ലഭിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പാനിഷ് വിൻസെൻഷ്യൻ വൈദികരാണ് 1958-ൽ അലിഗോൺഡ അമലോത്ഭവ ദേവാലയം സ്ഥാപിച്ചത്. അതിരൂപത സ്തുതി ചെയ്യുന്ന സ്ഥിതിചെയ്യുന്ന ഗജപതി ജില്ലയിലെ നാൽപത് ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. അതേസമയം ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ ഒഡീഷയിൽ രൂക്ഷമായി വരികയാണ്. കഴിഞ്ഞ വർഷം ഭാരതത്തില്‍ മുന്നൂറ്റിയമ്പതോളം കേസ്സുകൾ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തതായി ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിരുന്നു.