News - 2025
വിവാഹമോചനമല്ല, ശൂന്യമായ ദേവാലയങ്ങളാണ് പാശ്ചാത്യ സഭയുടെ മുഖ്യപ്രശ്നം: നൈജീരിയന്‍ കര്‍ദ്ദിനാള്‍
സ്വന്തം ലേഖകന്‍ 13-03-2018 - Tuesday
അബൂജ: ശൂന്യമായ ദേവാലയങ്ങളെ മറന്നുകൊണ്ട് പാശ്ചാത്യ സഭ വിവാഹ മോചനത്തിന്റേയും, പുനര്‍ വിവാഹത്തിന്റേയും പിറകേ പോകുന്നതും സ്വവര്‍ഗ്ഗവിവാഹത്തെ സ്വാഗതം ചെയ്യുന്നതും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നൈജീരിയന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ഒനൈയേകന്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-ന് ഓസ്ട്രിയന്‍ വാര്‍ത്താമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്. വിവാഹ മോചനത്തേക്കുറിച്ചോ, പുനര്‍ വിവാഹത്തേക്കുറിച്ചോര്‍ത്തല്ല, യൂറോപ്യന്‍ ജനത വിഷമിക്കേണ്ടതെന്നും ശൂന്യമായ ദേവാലയങ്ങളേയും സെമിനാരികളേയും കുറിച്ചോര്‍ത്താണ് ദുഃഖിക്കേണ്ടതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
യൂറോപ്പിലെ ദേവാലയങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശൂന്യമായി കൊണ്ടിരിക്കുകയാണ്. സ്വവര്‍ഗ്ഗ വിവാഹത്തെ കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ വളരെ വ്യക്തമാണ്. സ്വവര്‍ഗ്ഗവിവാഹത്തെ ഒരിക്കലും അംഗീകരിക്കുവാനോ, അതേകുറിച്ചുള്ള സഭാപ്രബോധനങ്ങളില്‍ മാറ്റം വരുത്തുവാനോ സാധിക്കുകയില്ല. നൈജീരിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തെ നിയമപരമായി തന്നെ വിലക്കിയിരിക്കുകയാണ്. സ്വവര്‍ഗ്ഗാനുരാഗികളെ സഭയൊരിക്കലും പൈശാചികതയുള്ളവരായി ചിത്രീകരിക്കരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഫ്രാന്‍സിസ് പാപ്പായുടെ ശ്ലൈഹീക ലേഖനമായ ‘അമോരിസ് ലെത്തീസ്യ'യിലെ പുനര്‍വിവാഹിതര്‍ക്കുള്ള ദിവ്യകാരുണ്യ സ്വീകരണത്തെ പറ്റിയും കര്‍ദ്ദിനാള്‍ സംസാരിച്ചു. ഇവര്‍ക്ക് ദിവ്യകാരുണ്യ സ്വീകരണം സാധ്യമല്ലെങ്കിലും, വിവാഹമോചിതരേയും, പുനര്‍ വിവാഹിതരേയും തുടര്‍ച്ചയായി ദേവാലയത്തില്‍ വരുവാന്‍ പ്രോത്സാഹിപ്പിക്കുകയാണ് താന്‍ ചെയ്യാറുള്ളതെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എന്തുകൊണ്ടാണ് പുരോഹിതരാകുവാന്‍ വളരെ കുറച്ച് ആളുകള്‍ മാത്രം തയ്യാറാകുന്നതെന്നു ചോദിച്ച അദ്ദേഹം ഇതിനെ കുറിച്ച് സഭാതലത്തില്‍ സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും പറഞ്ഞു.
സഭാപ്രബോധനങ്ങള്‍ക്കും യൂറോപ്പിലെ സഭയ്ക്കും വേണ്ടി ഇതാദ്യമായല്ല കര്‍ദ്ദിനാള്‍ ഒനൈയേകന്‍ സംസാരിക്കുന്നത്. 2015-ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 11 കര്‍ദ്ദിനാളുമാര്‍ വിവാഹം കുടുംബം എന്നിവയെ കുറിച്ചുള്ള വിഷയത്തെ കുറിച്ചെഴുതിയ ലേഖന സമാഹാരത്തിലെ ഒരു ലേഖനം കര്‍ദ്ദിനാള്‍ ഒനൈയേകന്‍ സംഭാവന ചെയ്തതാണ്. നൈജീരിയയിലെ അബുജ അതിരൂപതയുടെ മെത്രാപ്പോലീത്തയായാണ് അദ്ദേഹം സേവനം ചെയ്യുന്നത്.