News

വിശുദ്ധ കുര്‍ബാന നല്‍കുവാന്‍ അല്‍മായര്‍ക്ക് അനുമതി

സ്വന്തം ലേഖകന്‍ 13-03-2018 - Tuesday

ന്യൂഡല്‍ഹി: അജപാലനപരമായ ആവശ്യം മുൻനിർത്തി അധികാരികളാൽ പ്രത്യേകം നിയോഗിക്കപ്പെട്ട അല്‍മായർക്കു വിശുദ്ധ കുർബാന നൽകാവുന്നതാണെന്ന് ഇന്ത്യയിലെ ലത്തീൻ ബിഷപ്പുമാരുടെ കൂട്ടായ്മയായ സിസിബിഐയുടെ മാര്‍ഗ്ഗരേഖ. വിശുദ്ധ കുർബാന നൽകുന്നതിനായി വൈദികരല്ലാത്തവരെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും അവർ വിശുദ്ധ കുർബാന നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമടങ്ങുന്ന മാർഗരേഖയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സഭാധികാരികളാൽ പ്രത്യേകം നിയോഗിക്കപ്പെട്ട അല്‍മായർക്കും സന്യാസിനികൾക്കും വിശുദ്ധ കുർബാന വിശ്വാസികള്‍ക്ക് നൽകാവുന്നതാണെന്ന് മാർഗരേഖ വ്യക്തമാക്കുന്നു.

തങ്ങളുടെ അജപാലനപരിധി ഉൾപ്പെടുന്ന മേഖലയിൽ വിശുദ്ധ കുർബാന നൽകുന്നതിനായി അല്‍മായരെയോ സന്യാസിനിമാരെയോ ആവശ്യമുണ്ടോ എന്നത് വൈദികർക്കും ചാപ്ലെയിൻമാർക്കും സുപ്പീരിയർമാർക്കും തീരുമാനിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായ 18 വയസിന് മുകളിൽ പ്രായമുള്ള ഉത്തമ ക്രൈസ്തവജീവിതം നയിക്കുന്നവരെയാകണം വിശുദ്ധ കുർബാന നൽകുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. രൂപതയുടെ ലിറ്റർജിക്കൽ കമ്മീഷൻ നടത്തുന്ന ട്രെയിനിംഗ് പ്രോഗ്രാമിൽ ഇവര്‍ പങ്കെടുത്തിരിക്കണം. ഇതിന് ശേഷം ബിഷപ്പിന്റെ കയ്യൊപ്പുള്ള സർട്ടിഫിക്കറ്റ് ശുശ്രൂഷയ്ക്കായി കമ്മീഷൻ ചെയ്യുന്ന അവസരത്തിൽ നൽകും. ഇതിന് ശേഷം മാത്രമേ വിശുദ്ധ കുര്‍ബാന നല്‍കുന്നതിന് അനുമതി ഉണ്ടാകുകയുള്ളൂ.

ദിവ്യബലി സമയത്ത് സാധാരണ വിശ്വാസികളോടൊപ്പം നിൽക്കുന്ന ശുശ്രൂഷകർ വൈദികൻ തിരുശരീര രക്തങ്ങൾ സ്വീകരിക്കുന്ന സമയത്താണ് അൾത്താരയെ സമീപിക്കേണ്ടത്. തുടർന്ന് വൈദികന്റെ കയ്യിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിക്കണം. വിശുദ്ധ കുർബാന ഉൾക്കൊള്ളുന്ന വിശുദ്ധ പാത്രങ്ങൾ അൾത്താരയിൽ നിന്ന് നേരിട്ടു എടുക്കരുതെന്നും വൈദികന്റെ കയ്യിൽനിന്ന് സ്വീകരിക്കണമെന്നും സിസിബിഐ മാര്‍ഗ്ഗരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. രോഗികൾക്ക് ദിവ്യകാരുണ്യം നൽകുന്നതിനായി ഭവനങ്ങളിലേക്ക് പോകുന്ന ശുശ്രൂഷകർക്ക് പ്രത്യേക പരിശീലനം നൽകണമെന്നും രേഖയില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

രോഗിയുടെ ഭവനത്തിലേക്ക് വിശുദ്ധ കുർബാനയുമായി പോകുന്ന ശുശ്രൂഷകർ തിരുവോസ്തിയുമായി നേരെ വീട്ടിലേക്ക് പോകണമെന്നും വിശുദ്ധ കുർബാന പിന്നീട് നൽകുന്നതിനായി തങ്ങളുടെ ഭവനങ്ങളിൽ സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ യൂറോപ്പിലെ ലത്തീന്‍ സഭയ്ക്കു കീഴിലുള്ള ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന നല്‍കുന്നതിന് അല്‍മായര്‍ക്ക് അനുമതിയുണ്ട്. എക്സ്ട്രാ ഓര്‍ഡിനറി മിനിസ്റ്റര്‍ ഓഫ് ഹോളി കമ്മ്യൂണിയന്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. യൂറോപ്പിലേക്ക് കുടിയേറിയ നിരവധി മലയാളികള്‍ ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്നുണ്ട്.

സിസിബിഐ പുറപ്പെടുവിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പൂര്‍ണ്ണരൂപം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »