News

ഇറാഖിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് പിന്തുണ ഉറപ്പ് വരുത്തണം: യുഎൻ പ്രതിനിധി

സ്വന്തം ലേഖകന്‍ 14-03-2018 - Wednesday

ബാഗ്ദാദ്: ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ ഇറാഖി ജനതയും ഭരണകൂടവും ശബ്ദമുയർത്തണമെന്നും അവര്‍ക്ക് പിന്തുണ നല്‍കണമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി ജാൻ കുബിസ്. പലായനത്തിന് നിർബന്ധിതരായവരെ പുനരധിവസിപ്പിക്കുക, ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്ക് പരിഗണന നല്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാംസ്കാരിക മതേതര ചരിത്രവും വൈവിധ്യവുമാണ് ഇറാഖിന്റെ സമ്പത്തെന്നും പൈതൃകമായ ഈ സമ്പത്തിനെ സംരക്ഷിക്കുകയും പരിപോഷിപ്പികയും ചെയ്യുകയാണ് ജനതയുടേയും ഭരണകൂടത്തിന്റെയും ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഇസ്ലാമിക് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നു ഇറാഖി ജനതയുടെ ഐക്യം താറുമാറാകുകയാണ് ചെയ്തത്. അക്രമം വഴി അസഹിഷ്ണുത, വിവേചനം എന്നിവ ന്യൂനപക്ഷങ്ങള്‍ക്കു നേരിടേണ്ടി വന്നു. ഐഎസ് ആക്രമണങ്ങൾക്കൊടുവിൽ ആറു ലക്ഷത്തോളമായിരുന്ന ക്രൈസ്തവ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞു. പലരും പലായനം ചെയ്തു.

എന്നിരിന്നാലും ക്രൈസ്തവരെ മുസ്ളിം സഹോദരങ്ങൾ സംരക്ഷിക്കുന്ന പല സംഭവങ്ങളും അഭിനന്ദനാർഹമാണെന്നും കുബിസ് പറഞ്ഞു. അതേസമയം ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള കടുത്ത മതപീഡനത്തില്‍ മൗനം പാലിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ നിലപാടിലുള്ള മാറ്റത്തെ പ്രതീക്ഷയോടെയാണ് ഇറാഖി സമൂഹം നോക്കികാണുന്നത്.


Related Articles »