News

“പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ്‌ വേഡ്”; ട്രെയിലര്‍ പുറത്തിറങ്ങി

സ്വന്തം ലേഖകന്‍ 14-03-2018 - Wednesday

വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയെ കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുപ്രസിദ്ധ സംവിധായകനായ വിം വെണ്ടേഴ്സ് സംവിധാനം ചെയ്തിരിക്കുന്ന “പോപ്പ് ഫ്രാന്‍സിസ് - എ മാന്‍ ഓഫ് ഹിസ്‌ വേഡ്” എന്ന ഡോക്യുമെന്ററിയുടെ ട്രെയിലറാണ് ഇന്നലെ പുറത്തിറങ്ങിയത്. ജീവചരിത്രമുള്ള ഡോക്യുമെന്ററി എന്നതിലുപരി ഫ്രാന്‍സിസ് പാപ്പയോടൊപ്പമുള്ള ഒരു വ്യക്തിഗത യാത്ര എന്ന രീതിയിലാണ് വിം വെണ്ടേഴ്സ് ചിത്രത്തെ ട്രെയിലറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

കുടുംബങ്ങളുടെ ദൗത്യം, ഭൗതീകത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യ നീതി, മരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ചോദ്യോത്തര രൂപത്തിലുള്ള ഒരു നീണ്ട സംവാദമായിരിക്കും ഡോക്യുമെന്ററി ചിത്രമെന്ന് വത്തിക്കാന്‍ ടിവി പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രേക്ഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്ന പ്രതീതിയുളവാക്കുന്ന ശൈലിയാണ് ഡോക്യുമെന്ററിയില്‍ സ്വീകരിച്ചിരിക്കുന്നത്. തിരുസഭയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും, ദരിദ്രരെ കുറിച്ചുള്ള തന്റെ ആശങ്കകളും ഈ ഡോക്യുമെന്ററിയിലൂടെ ഫ്രാന്‍സിസ് പാപ്പ പ്രേക്ഷകരുമായി പങ്കുവെക്കുന്നു.

വരുന്ന മെയ് 18-ന് അമേരിക്കയിലെ നൂറോളം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുമെന്ന് ചിത്രത്തിന്‍റെ ആഗോള വിതരണക്കാരായ ഫോക്കസ് ഫീച്ചേഴ്സ് പറഞ്ഞു. അന്നേദിവസം തന്നെ യു.കെ യിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്നും സൂചനയുണ്ട്. വത്തിക്കാന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവനായ മോണ്‍. ഡാരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമാക്കുന്നതിനു വേണ്ടി ഇടപെടല്‍ നടത്തിയത്. വത്തിക്കാന്‍ ടി.വി ആര്‍ക്കീവ്സിലെ ചിത്രങ്ങളും, വീഡിയോകളും മാര്‍പ്പാപ്പയുടെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്.

ജര്‍മ്മന്‍ സിനിമാ വ്യവസായത്തിലെ ഒരു പ്രമുഖ വ്യക്തിത്വമാണ് ഡോക്യുമെന്ററിയുടെ സംവിധായകനായ വിം വെണ്ടേഴ്സ്. ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറിനായി മൂന്ന് പ്രാവശ്യം അക്കാദമി അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള വേണ്ടേഴ്സിനെ 'വിങ്ങ്സ് ഓഫ് ഡിസൈര്‍' എന്ന ചിത്രവും 'ബ്യൂണ വിസ്താ സോഷ്യല്‍ ക്ലബ്', 'പിന' തുടങ്ങിയ ഡോക്യുമെന്ററികളുമാണ് പ്രശസ്തനാക്കിയത്. സാമന്ത ഗണ്ടോള്‍ഫി, അലെസ്സാണ്ട്രോ ലൊ മൊണാക്കോ, ആന്‍ഡ്രിയ ഗാംബെട്ട, ഡേവിഡ് റോസിയര്‍ തുടങ്ങിയവരാണ് പേപ്പല്‍ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍.


Related Articles »