News - 2025

ബൈബിള്‍ ചരിത്ര സത്യമാണെന്ന് അംഗീകരിച്ച് വീണ്ടും പുരാവസ്തു ഗവേഷകരുടെ ഫലം

സ്വന്തം ലേഖകന്‍ 19-03-2018 - Monday

ടെല്‍ അവീവ്: വിശുദ്ധ ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന ഒട്ടനവധി കണ്ടെത്തലുകളിലേക്ക് മറ്റൊരു ഗവേഷണഫലം കൂടി. ബൈബിളില്‍ വിവരിച്ചിരിക്കുന്ന കാനാന്‍ ദേശത്തിലെ മെഗിദോ എന്ന നഗരത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുവാന്‍ കഴിയുന്ന, ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത 3600-ഓളം വര്‍ഷങ്ങളുടെ പഴക്കമുള്ള രാജകീയ ശവകുടീരമാണ് ഇസ്രായേലില്‍ നിന്നും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ‘നാഷണല്‍ ജിയോഗ്രഫി’ യാണ് പുരാവസ്തുലോകത്ത് വളരെയേറെ പ്രാധാന്യമുള്ള ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

സ്വര്‍ണ്ണവും, വെള്ളിയും കൊണ്ടുള്ള ആഭരണങ്ങള്‍ ധരിച്ചിരുന്ന പുരുഷന്റേയും, സ്ത്രീയുടേയും, കുട്ടിയുടേയും ഭൗതീതികാവഷിഷ്ടങ്ങള്‍ ഈ ശവക്കല്ലറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പുരുഷന്റെ തലയില്‍ അണിഞ്ഞിരുന്ന സുവര്‍ണ്ണ കിരീടം അക്കാലത്തെ കലാപരമായ വൈദഗ്ദ്യത്തിന്റെ ഉത്തമ ഉദാഹരണം കൂടിയാണ്. മൂന്നുപേര്‍ക്ക് മുന്‍പ് അടക്കം ചെയ്ത മറ്റു ചിലരുടേയും അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ ഈ കല്ലറയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബൈബിളില്‍ പുതിയ നിയമത്തിന്റെ വെളിപാടിന്റെ പുസ്തകത്തില്‍ പതിനാറാം അധ്യായം പതിനാറാം വാക്യത്തില്‍ ‘ഹര്‍മാഗെദോന്‍’ എന്നാണ് മെഗിദോയെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.

‘ഹര്‍-മെഗ്ഗിദോ’ അല്ലെങ്കില്‍ ‘ഹില്‍ ഓഫ് മേഗ്ഗിദോ’ എന്ന വാക്കില്‍ നിന്നായിരിക്കും ഈ പേര് ഉണ്ടായതെന്ന്‍ കരുതുന്നു. ക്രിസ്തുവിന് മുന്‍പ് 15-ാം നൂറ്റാണ്ടില്‍ ഈജിപ്തിലെ ഫറവോ ആയിരുന്ന ടുട്ടുമോസ് III ഏഴുമാസങ്ങളോളം മെഗിദോ ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന്‍ മെഗിദോ കീഴടങ്ങുകയാണ് ചെയ്തത്. ടുട്ടുമോസ് മൂന്നാമന്‍ കാനാന്‍ ദേശം തന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയാക്കി മാറ്റുകയാണ് ചെയ്തതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

1994-മുതല്‍ തന്നെ ഇസ്രായേല്‍ ഫിന്‍കെല്‍സ്റ്റീന്‍, ടെല്‍ അവീവ് യൂണിവേഴ്സിറ്റിയിലെ മരിയോ മാര്‍ട്ടിന്‍, ഡബ്ല്യു‌എഫ് അല്‍ബ്രൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിയോളജിയിലെ മാത്യു ആഡംസ് എന്നിവരുടെ നേതൃത്വത്തില്‍ മെഗിദോയില്‍ ഉദ്ഘനനങ്ങള്‍ നടത്തിവരികയായിരുന്നു. ഇവര്‍ നടത്തിയ ഉദ്ഖനനത്തിലെ പുതിയ കണ്ടെത്തല്‍ ഇക്കഴിഞ്ഞ പതിനാലാം തീയതി നാഷ്ണല്‍ ജിയോഗ്രാഫി പുറത്തറിയിക്കുകയായിരിന്നു. ഈജിപ്തിന്റെ ആക്രമണത്തിനു മുന്‍പ് ഇന്നത്തെ ഇസ്രായേലിന്റെ ഭാഗമായിരുന്ന ഹായിഫാ പ്രദേശം ഭരിച്ചിരുന്ന രാജവംശങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഭൗതീകാവശിഷ്ടങ്ങളില്‍ നടത്തുന്ന ഡി.എന്‍.എ ടെസ്റ്റ്‌ വഴി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുരാവസ്തുലോകം.


Related Articles »