News - 2025

സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം

സ്വന്തം ലേഖകന്‍ 24-03-2018 - Saturday

ഡമാസ്കസ്: യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വടക്ക്- കിഴക്കന്‍ സിറിയയിലെ അഫ്രിന്‍ നഗരത്തിനു സമീപമുള്ള പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ നിരവധി ദേവാലയങ്ങള്‍ക്കു വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചു. അഫ്രിന്‍ നഗരത്തിന്റെ തെക്ക് ഭാഗത്തായി 15 കിലോമീറ്റര്‍ അകലെയുള്ള ക്രിസ്ത്യന്‍ പുരാവസ്തു മേഖലയായ ‘ബ്രാഡ്’നു നേരെ തുര്‍ക്കി വിമാനങ്ങള്‍ ബോംബ്‌ വര്‍ഷിച്ചുവെന്ന് പുരാവസ്തു മ്യൂസിയം ഡയറക്ടറേറ്റാണു പ്രസ്താവനയിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.

നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പണികഴിപ്പിച്ചിട്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളിലൊന്നായ ജൂലിയാനൂസ് ദേവാലയവും, മാരോണൈറ്റ് സഭയുടെ വിശുദ്ധനായ വിശുദ്ധ മാരോണിന്റെ ശവകുടീരമുള്‍പ്പെടെ പുരാവസ്തുപരമായി പ്രാധാന്യമുള്ള പല കെട്ടിടങ്ങളും ബോംബാക്രമത്തില്‍ തകര്‍ന്നതായി പുരാവസ്തുവിഭാഗം തലവനായ മഹമൂദ് ഹമൂദ് സ്ഥിരീകരിച്ചിട്ടുണ്ട്. ബൈസന്റൈന്‍ കാലത്തെ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും, റോമന്‍ കാലഘട്ടത്തിലെ ശവക്കല്ലറകളും ഉള്‍കൊള്ളുന്ന 'ബ്രാഡ് മേഖല' 2011-ലാണ്‌ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കുന്നത്.

ആഗോള ക്രിസ്ത്യന്‍ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഈ പുരാവസ്തു മേഖലയില്‍ മൂന്ന്‍ ദേവാലയങ്ങളും, ഒരു ആശ്രമവും, 5 മീറ്ററോളം ഉയരമുള്ള ഗോപുരവും സ്ഥിതി ചെയ്യുന്നുണ്ട്. 1984 മുതല്‍ കുര്‍ദ്ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുടെ (PKK) സഹായത്തോടെ കുര്‍ദ്ദിഷ് പ്യൂപ്പിള്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് (YPG) തുര്‍ക്കിയില്‍ കലാപങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിരിന്നു. ജനുവരിയില്‍ വൈ‌പി‌ജിക്കെതിരെ ആക്രമണം തുടങ്ങിയിരുന്നുവെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തുര്‍ക്കിയുടെ പിന്തുണയുള്ള സിറിയന്‍ വിമതസേന അഫ്രിന്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുന്നത്.

സിറിയയിലെ മതപരവും സംസ്കാരികപരവുമായ കെട്ടിടങ്ങള്‍ തങ്ങളുടെ ലക്ഷ്യമല്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയെങ്കിലും അതിനു വിപരീതമായ നടപടികളാണ് രാജ്യത്തു അരങ്ങേറുന്നത്. ജനുവരി അവസാനത്തില്‍ എയിന്‍ ഡാരായിലെ മൂവായിരത്തോളം വര്‍ഷങ്ങളുടെ പഴക്കമുള്ള ലോഹയുഗത്തിലെ നിയോ ഹിറ്റിറ്റ് ക്ഷേത്രവും ദേവാലയങ്ങളും തുര്‍ക്കി സേന തകര്‍ത്തുവെന്ന് സിറിയ ആരോപിച്ചിരിന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കഴിഞ്ഞ വര്‍ഷവും സിറിയയിലെ പുരാതന ക്രിസ്ത്യന്‍ മേഖലയില്‍ ആക്രമണം നടന്നിരിന്നു. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്തീയ അടിത്തറ പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ഇത്തരം ആക്രമണങ്ങള്‍ തുടര്‍ച്ചയായി നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.


Related Articles »