News - 2025
വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍ 27-03-2018 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. പെസഹ ബുധന്‍ മുതല്‍ ഉയിര്‍പ്പ് ഞായര്‍ വരെയുള്ള ദിവസങ്ങളിലുള്ള പാപ്പയുടെ പരിപാടികളാണ് പ്രസിദ്ധപ്പെടുത്തിയത്. നാളെ മാര്‍ച്ച് 28 ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടി സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കും. മാര്‍ച്ച് 29 പെസഹാവ്യാഴാഴ്ച വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് പൗരോഹിത്യകൂട്ടായ്മയുടെ സമൂഹബലിയര്‍പ്പണവും തൈലാഭിഷേകര്‍മ്മവും വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഉണ്ടാകും. തിരുക്കര്‍മ്മ മദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും.
അന്ന് പ്രാദേശിക സമയം വൈകുന്നേരം 4.30-ന് കാലുകഴുകല്‍ ശുശ്രൂഷയ്ക്കായി റോമിലെ ത്രസ്തേവരെയിലുള്ള റെജീന കൊയിലി ജയിലില്‍ എത്തും. അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ അവര്‍ക്ക് വചനസന്ദേശം നല്‍കും. മാര്‍ച്ച് 30- ദുഃഖവെള്ളിയാഴ്ച വൈകുന്നേരം ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെ അനുസ്മരണവും ധ്യാനവും, ആരാധനയും ദിവ്യകാരുണ്യസ്വീകരണവും നടക്കും. രാത്രി 9.15-ന് കൊളോസിയത്തിലെ കുരിശിന്‍റെവഴിയിലും പാപ്പ പങ്കെടുക്കും. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ പാപ്പാ ധ്യാനചിന്തകള്‍ പങ്കുവയ്ക്കും.
മാര്‍ച്ച് 31 ദുഃഖശനി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ജ്ഞാനസ്നാനജലാശീര്‍വ്വാദം, ജ്ഞാനസ്നാനവ്രത വാദ്ഗാനം, വചനപ്രഘോഷണം എന്നിവയും തുടര്‍ന്നു വിശുദ്ധ ബലിയര്‍പ്പണവും നടക്കും. ദിവ്യബലിമദ്ധ്യേ പാപ്പ വചനചിന്തകള്‍ പങ്കുവയ്ക്കും. ഏപ്രില്‍ 1 ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 10 മണിക്ക് ഉത്ഥാന തിരുനാളിന്‍റെ ഓര്‍മ്മയില്‍ പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന സെന്‍റ് പീറ്റേഴ്സ് ബസിലിക്കാ ദേവാലയത്തില്‍ നടക്കും. ദിവ്യബലിമദ്ധ്യേ പാപ്പാ വചനസന്ദേശം നല്കും. ഉച്ചയ്ക്ക് 12 മണിക്ക് നഗരത്തിനും ലോകത്തിനും എന്ന 'ഉര്‍ബി എറ്റ് ഓര്‍ബി' സന്ദേശം നല്‍കും. തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥന നടക്കും. പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കുന്നതോടെ ഇത്തവണത്തെ അന്‍പത് നോമ്പിന് ഔദ്യോഗിക അവസാനമാകും.