News

ഉത്ഥാനം ചെയ്ത ക്രിസ്തു ജീവിക്കുന്നു, ഇന്നും ജീവിക്കുന്നു: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 02-04-2018 - Monday

വത്തിക്കാന്‍ സിറ്റി: ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ് ലോകമെങ്ങും ഉയരുന്നതെന്നും ക്രിസ്തു ഇന്നും ജീവിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഇന്നലെ ഉയിര്‍പ്പ് ബലിക്ക് ശേഷം റോമാ നഗരത്തിനും ലോകത്തിനും എന്നര്‍ത്ഥം വരുന്ന ഊര്‍ബി ഏത്ത് ഓര്‍ബി എന്ന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ക്രിസ്തുവിന്റെ ജീവിക്കുന്ന അസ്തിത്വത്തെ പറ്റിയും സമാധാനത്തിനായുള്ള ചിന്തകളുമാണ് സന്ദേശത്തില്‍ ഉടനീളം പാപ്പ ശ്രദ്ധ ചെലുത്തിയത്. ഉത്ഥാന തിരുനാളിന്‍റെ ആശംസകള്‍ ഏവര്‍ക്കും നേര്‍ന്ന് കൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.

പ്രിയ സഹോദരങ്ങളേ, ഏവര്‍ക്കും ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകള്‍! ക്രിസ്തു മരിച്ചവരില്‍നിന്നും ഉത്ഥാനംചെയ്തു! ലോകത്തെവിടെയും സഭാസമൂഹങ്ങളില്‍ ഇന്ന് ആലേലൂയ പ്രഘോഷണത്തോടൊപ്പം പ്രതിധ്വനിക്കുന്നത് ക്രിസ്തു മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്ന കാഹളമാണ്. നാഥനും രക്ഷകനുമാണ് യേശു! പിതാവായ ദൈവം അവിടുത്തെ ഉയിര്‍പ്പിച്ചു. അതിനാല്‍ ഇന്നുമെന്നും അവിടുന്ന് ജീവിക്കുന്നു. ക്രിസ്തു നമ്മുടെ മദ്ധ്യേ വസിക്കുന്നു. “സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഗോതമ്പുണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ, അതു വളരെയധികം ഫലം പുറപ്പെടുവിക്കും” (യോഹ.12, 24).

അതേ! ക്രിസ്തുവില്‍ സംഭവിച്ചത് ഇതാണ്. ഭൂമിയിലെ വിളനിലത്തു ദൈവം വിതച്ച വിത്താകുന്ന ക്രിസ്തു ഭൂമിയില്‍ ജനിച്ചു വളര്‍ന്നു. അവിടുന്ന് സ്നേഹത്തിന്‍റെ സുവിശേഷം പ്രഘോഷിച്ചു. സകലര്‍ക്കും നന്മചെയ്തുകൊണ്ട് കടന്നുപോയി. ലോകത്തിന്‍റെ പാപങ്ങളാണ് അവിടുത്തെ കുരിശില്‍തറച്ചത്. രണ്ടു ദിവസം കല്ലറയില്‍ അടക്കം ചെയ്യപ്പെട്ട അവിടുന്ന് ദൈവസ്നേഹത്തിന്‍റെ ഊര്‍ജ്ജവും ശക്തിയും ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ മൂന്നാം ദിവസം അവിടുന്ന് പ്രഭയോടെ ഉയിര്‍ത്തെഴുന്നേറ്റു. ദൈവസ്നേഹത്തിന്‍റെ വിസ്ഫോടനമാണ് ഉത്ഥാനനാളില്‍ ഇന്നും ലോകം ആഘോഷിക്കുന്നത്. അത് ക്രിസ്തുവിന്‍റെ മരണത്തില്‍ നിന്നുമുള്ള ജീവനിലേയ്ക്കുള്ള കടന്നുപോക്കാണ്.

ലോകത്തിന് സത്യമായും പ്രത്യാശ പകരുന്നതുമായ സംഭവമാണ് ക്രിസ്തുവിന്‍റെ പുനരുത്ഥാനം. ഇത് ക്രൈസ്തവരുടെ അടിയുറച്ച വിശ്വസവുമാണ്. അനീതിയും അതിക്രമങ്ങളും നിറഞ്ഞ ചരിത്രത്തിന്‍റെ മണ്ണില്‍ ക്രിസ്തു വിതച്ച വചനബിജത്തിന്‍റെ ജീവോര്‍ജ്ജം ഇന്നും ലോകത്ത് ഫലപ്രാപ്തി അണിയുന്നുണ്ട്. പാവങ്ങളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും ധാരാളമായുള്ള ഇടങ്ങളിലും, 'നവയുഗ വലിച്ചെറിയല്‍ സംസ്ക്കാരം' നടമാടുന്ന വിശപ്പും തൊഴിലില്ലായ്മയുമുള്ള സ്ഥലങ്ങളിലും, അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമുള്ള ക്യാമ്പുകളിലും, അടിമത്വവും മനുഷ്യക്കടത്തും മയക്കുമരുന്നു കച്ചവടവുമുള്ള അതിര്‍ത്തികളിലും ക്രിസ്തുവിന്‍റെ വചനവിത്ത് പ്രത്യാശയുടെയും മനുഷ്യാന്തസ്സിന്‍റെയും ഫലമണിയിക്കുന്നുണ്ട്. ഇന്നു നാം യാചിക്കുന്നത് ലോകസമാധാനത്തിന്‍റെ ഫലങ്ങള്‍ക്കുവേണ്ടിയാണ്.

ആദ്യമായി സിറിയയിലെ പീഡിതരായ ജനതയെ ഓര്‍ക്കാം. തുടര്‍ച്ചയായ യുദ്ധവും കൂട്ടക്കുരുതിയും അവരെ തളര്‍ത്തിയിട്ടുണ്ട്. ഈ പെസഹാനാളില്‍ അവിടത്തെ രാഷ്ട്രനേതാക്കളുടെയും സൈനിക നേതൃത്വത്തിന്‍റെയും മനഃസാക്ഷിയെ ഉത്ഥിതനായ ക്രിസ്തു പ്രകാശിപ്പിക്കുട്ടെ! അതുവഴി അവിടെ അരങ്ങേറുന്ന കൂട്ടക്കുരുതിക്ക് അറുതിയുണ്ടാവട്ടെ. മാനവിക നിയമങ്ങള്‍ അവിടെ ആദരിക്കപ്പെടാനും, ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ട് മറ്റുള്ളവര്‍, അവര്‍ക്കു വേണ്ട അടിയന്തിരമായ സഹായങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകാന്‍ ഇടയാവട്ടെ! മാത്രമല്ല, അവിടെ നിന്നും പുറതള്ളപ്പെട്ടവര്‍ക്ക് സ്വദേശത്ത് തിരിച്ചുവന്ന് ജീവിക്കുവാനും ഇടയാവട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു!

വിശുദ്ധനാട്ടില്‍ അനുരഞ്ജനത്തിന്‍റെ ഫലങ്ങള്‍ വിരിയട്ടെയന്നും പ്രാര്‍ത്ഥിക്കുന്നു. ഇന്നും അവിടെ നിരപരാധികള്‍ കൊല്ലപ്പെടുന്ന തുറന്ന സംഘട്ടനങ്ങള്‍ നടക്കുകയാണ്. യെമനിലും മദ്ധ്യപൂര്‍വ്വേഷ്യയിലും അരങ്ങേറുന്ന ആക്രമങ്ങളും സംവാദത്തിലൂടെയും പരസ്പര ആദരവിലൂടെയും ഇല്ലാതാവട്ടെ. ഈ നാടുകളില്‍ പീഡനങ്ങളും ചുഷണവും അനുഭവിക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ തിന്മയെ നന്മകൊണ്ടു കീഴടക്കിയ ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാര്‍ന്ന സാക്ഷികളായി ജീവിക്കാനും ഇടയാവട്ടെ.

ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍, ഭീകരാക്രമണങ്ങള്‍ എന്നിവയാല്‍ ഏറെ ക്ലേശിക്കുന്ന ആഫ്രിക്ക ഭൂഖണ്ഡത്തിലെ വിവിധ രാജ്യക്കാരെയും പ്രത്യാശയോടെ ഇന്ന് അനുസ്മരിക്കാം. സംവാദത്തിന്‍റെയും പരസ്പരധാരണയുടെയും രീതികളില്‍ തെക്കന്‍ സുഡാനിലെ ജനങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയ പീഡനങ്ങളുടെ മുറിവുണക്കാന്‍ ഉത്ഥിതന്‍റെ സമാധാനത്താല്‍ സാധിക്കട്ടെ. മാത്രമല്ല അവിടുത്തെ സംഘട്ടനങ്ങളില്‍ ഏറെ വിഷമിക്കുന്ന കുട്ടികളെ നമുക്ക് പ്രത്യാകമായി അനുസ്മരിക്കാം! അതുപോലെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് വകയില്ലാതെ നാടിവിട്ടു പോകേണ്ടിവന്നവരെയും നമുക്ക് ഓര്‍ക്കാം, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം! കൊറിയ ഉപദ്വീപിലും ഉക്രെയിനിലും വെനസ്വേലയിലും സമാധാനവും സന്തോഷവും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാം എന്നും തന്റെ സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ഈസ്റ്റര്‍ ആശംസ ഒരിക്കല്‍ കൂടി ഏവര്‍ക്കും ആശംസിച്ചാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

തുടര്‍ന്നു കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍, റെനാത്തോ റഫയേലെ മര്‍ത്തീനോ പാപ്പയ്ക്ക് നന്ദിയര്‍പ്പിക്കുകയും, പൂര്‍ണ്ണദണ്ഡവിമോചന പ്രാപ്തിയുള്ള അപ്പസ്തോലിക ആശിര്‍വ്വാദം സകലര്‍ക്കുമായി നല്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വത്തിക്കാന്‍ ചത്വരത്തില്‍ പരിപാടിയില്‍ നേരിട്ടു പങ്കെടുക്കുന്നവര്‍ക്കു മാത്രല്ല, ആധുനിക മാധ്യമങ്ങളിലൂടെയും പങ്കെടുക്കുന്നവര്‍ക്ക് വേണ്ട ഒരുക്കങ്ങള്‍ ഉണ്ടെങ്കില്‍ ഫലപ്രാപ്തി ലഭിക്കുമെന്നും കര്‍ദ്ദിനാള്‍ റെനാത്തോ അറിയിച്ചു. തുടര്‍ന്ന് ആമുഖ പ്രാര്‍ത്ഥനചൊല്ലിക്കൊണ്ട് പാപ്പ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി. പാപ്പയുടെ സന്ദേശം ശ്രവിക്കുവാന്‍ പതിനായിരങ്ങാളാണ് ഇന്നലെ വത്തിക്കാനില്‍ എത്തിയത്.


Related Articles »