News - 2024

കന്ധമാലിൽ നിന്നും മൂന്ന് സന്യസ്ഥർ കൂടി വ്രതവാഗ്ദാനം ചെയ്തു

സ്വന്തം ലേഖകന്‍ 13-04-2018 - Friday

ഭുവനേശ്വർ: പത്ത് വർഷങ്ങൾക്ക് മുൻപ് അരങ്ങേറിയ ക്രൂരമായ ക്രൈസ്തവ നരഹത്യ തങ്ങളെ നിരുത്സാഹപ്പെടുത്തുകയല്ലായെന്നും മറിച്ച് യേശുവിനെ പിന്തുടരുവാൻ കൂടുതൽ പ്രചോദനമേകുകയാണ് ചെയ്തതെന്നും പ്രഖ്യാപിച്ചു ക്രൈസ്തവ കൂട്ടക്കൊല നടന്ന ഒഡീഷയിലെ കന്ധമാലിൽ നിന്നും മൂന്ന് നവസന്യസ്ഥർ കൂടി വ്രതവാഗ്ദാനം ചെയ്തു. വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള കർമ്മലീത്ത സമൂഹത്തിലെ അംഗങ്ങളായി സിസ്റ്റര്‍ രജനി ഇക്ക, സിസ്റ്റര്‍ ക്രിസ്റ്റീന പ്രദാൻ, സിസ്റ്റര്‍ ജനനി പ്രദാൻ എന്നിവരാണ് വ്രതവാഗ്ദാനം ചെയ്തത്.

ക്രിസ്ത്യാനി എന്ന കാരണത്താൽ മനുഷ്യത്വരഹിതമായ രീതിയിൽ വധിക്കപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടേയും വേദനയും ത്യാഗവും നേരിട്ട് കണ്ടറിഞ്ഞ വ്യക്തിയെന്ന നിലയിൽ വിശ്വാസത്തിൽ ആഴപ്പെടാനും സന്യസ്ഥ വ്രതം സ്വീകരിക്കാനും തീരുമാനിക്കുകയായിരുന്നുവെന്ന് കുർതുമഗർഹ് ഇടവകാംഗമായ സിസ്റ്റര്‍ ക്രിസ്റ്റീന പ്രദാൻ പറഞ്ഞു. ഭയമോ ഭീഷണിയോ മൂലം വിശ്വാസം ത്യജിക്കാൻ തയ്യാറല്ലെന്നും മത പീഡനങ്ങൾക്കു ദൃക്സാക്ഷിയെന്ന നിലയിൽ വ്രതവാഗ്ദാനത്തിൽ ഉറച്ചു നില്ക്കുക തന്നെ ചെയ്യുമെന്ന് ജസ്യൂട്ട് മിഷ്ണറി ഇടവകാംഗമായ സിസ്റ്റര്‍ ജനനി പ്രദാൻ വ്യക്തമാക്കി.

കന്ധമാല്‍ ജില്ലയിലെ ബലിഗുഡ സെന്‍റ് പോൾ കത്തോലിക്ക ദേവാലയത്തിൽ നടന്ന ചടങ്ങിൽ അഞ്ഞൂറോളം വിശ്വാസികൾ പങ്കെടുത്തു. കട്ടക്ക് - ഭുവനേശ്വർ ആർച്ച് ബിഷപ്പ് മോൺ. ജോൺ ബർവ ശുശ്രൂഷകൾക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ദൈവരാജ്യത്തിന് സേവനമനുഷ്ഠിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവർ ആത്മാർത്ഥയോടും സേവന മനോഭാവത്തോടെയും ദൈവഹിതം നടപ്പിലാക്കാൻ സാധിക്കട്ടെയെന്നും ക്ഷമയും, സ്ഥിരതയും, പ്രത്യാശയും ഉള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു. 2008-ൽ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ നടന്ന ക്രൈസ്തവ വിരുദ്ധ പ്രക്ഷോഭത്തിൽ നൂറോളം പേർ മരണപ്പെടുകയും അമ്പതിനായിരത്തോളം ക്രൈസ്തവർ ഭവനരഹിതരാവുകയും ചെയ്തിരുന്നു.

എറണാകുളം ആസ്ഥാനമായ കര്‍മ്മലീത്ത സന്യസ്ഥ സമൂഹത്തിലാണ് മൂന്ന്‍ സിസ്റ്റര്‍മാരും അംഗങ്ങളായിരിക്കുന്നത്. ദൈവത്തിന്റെ കരുണാർദ്ര സ്നേഹത്തിന്റെ വക്താക്കളാകുക, സമൂഹത്തിൽ നിന്നും പുറന്തള്ളപ്പെട്ടവരുടെ നീതിയ്ക്കായി പ്രയത്നിക്കുക എന്ന ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സന്യാസിനി സമൂഹം കേരള, കർണാടക, തമിഴ്നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് പുറമേ ഇന്ത്യക്ക് പുറത്തു ആഫിക്കന്‍ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചു വരുന്നുണ്ട്.


Related Articles »