News - 2024

സിറിയയിലെ പ്രശ്നങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കത്തോലിക്ക ഓർത്തഡോക്സ് സഭാനേതൃത്വം

സ്വന്തം ലേഖകന്‍ 16-04-2018 - Monday

ഡമാസ്ക്കസ്: സിറിയയില്‍ അക്രമ സംഭവങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് കത്തോലിക്ക ഓർത്തഡോക്സ് സഭാനേതൃത്വം. അക്രമങ്ങളെ അപലപിച്ച് അന്തിയോക്യൻ പാത്രിയർക്കീസ് സമൂഹവും കിഴക്കന്‍ ഗ്രീക്ക് ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, ഗ്രീക്ക് മെൽക്കൈറ്റ് ഡമാസ്ക്കസ് കത്തോലിക്കൻ സമൂഹവും ചേർന്ന് പ്രസ്തുത വിഷയത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് യുഎൻ അംഗങ്ങളായ രാഷ്ട്രങ്ങള്‍ കാണിക്കുന്നതെന്ന് സഭാനേതൃത്വം വ്യക്തമാക്കി.

പരസ്പരം പ്രകോപിപ്പിക്കുക വഴി സമാധാനപൂർണമായ രാഷ്ട്രീയ അന്തരീക്ഷം തകർത്ത് സങ്കീർണതയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ഭീകര സംഘടനകളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. യുദ്ധം ഒഴിവാക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ ശ്രമം അനിവാര്യമാണ്. സുവിശേഷത്തിനനുസൃതമായി പ്രവർത്തിക്കുവാനും അന്താരാഷ്ട്ര സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ ഭരണകൂടങ്ങൾ പരിശ്രമിക്കണമെന്നും പ്രസ്താവനയിൽ ക്രൈസ്തവ നേതൃത്വം കുറിച്ചു.

സിറിയയിലും സമീപ പ്രദേശങ്ങളിലും അരങ്ങേറുന്ന അക്രമസംഭവങ്ങൾക്കെതിരെ സമാധാന ആഹ്വാനവുമായി മാർപാപ്പയും രംഗത്തെത്തിയിട്ടുണ്ട്. സിറിയയിലും ലോകത്തിന്റെ മറ്റ് സംഘർഷ പ്രദേശങ്ങളിലും സമാധാനം സ്ഥാപിക്കുന്നതിനായി കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നത് ഏറെ വേദനാജനകമാണെന്നും ലോകമെമ്പാടുമുള്ള രാഷ്ട്രീയ നേതാക്കളോട് ഇക്കാര്യത്തിൽ കാര്യമായ ഇടപെടൽ നടത്തണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും മാർപാപ്പ പറഞ്ഞു. അതേസമയം സിറിയയിലെ സ്ഥിതി ഇപ്പോഴും ഗുരുതരമാണ്. രാജ്യത്തെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമാക്കി അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരിന്നു.


Related Articles »