News
മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി
സ്വന്തം ലേഖകന്‍ 18-04-2018 - Wednesday
സാഗര്‍: ആയിരങ്ങളെ സാക്ഷിയാക്കി മധ്യപ്രദേശിലെ സാഗര്‍ സീറോ മലബാര്‍ രൂപതയുടെ നാലാമത്തെ മെത്രാനായി മാര്‍ ജെയിംസ് അത്തിക്കളം അഭിഷിക്തനായി. സാഗര്‍ സെന്റ് തെരേസാസ് കത്തീഡ്രലില്‍ നടന്ന അഭിഷേക ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാവിലെ 9.30നു ബിഷപ്പ്സ് ഹൗസില്‍നിന്നു മുഖ്യകാര്‍മികനും നിയുക്തമെത്രാനും മറ്റു മെത്രാന്മാരും വൈദികരും പ്രദക്ഷിണമായി കത്തീഡ്രലിലേക്കെത്തി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് മാര്‍ ആന്റണി ചിറയത്ത്, ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ലിയോ കൊര്‍ണേലിയോ, ഉജ്ജയിന്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായി.
പുതിയ മെത്രാന്റെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയില്‍ ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ വചനസന്ദേശം നല്‍കി. സാഗര്‍ രൂപതയിലും സമൂഹത്തിലും ക്രിസ്തുവിന്റെ സ്‌നേഹം പങ്കുവയ്ക്കാനുള്ള തെരഞ്ഞെടുപ്പാണു ബിഷപ് മാര്‍ ജയിംസ് അത്തിക്കളത്തിന്റെ നിയോഗത്തിലൂടെ സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജയിംസച്ചന് അറുപതാം പിറന്നാള്‍ സമ്മാനമായും സാഗര്‍ രൂപതയ്ക്കും എംഎസ്ടിക്കും അന്‍പതാം പിറന്നാള്‍ സമ്മാനമായുമാണ് മെത്രാന്‍ പട്ടം ഈ വര്‍ഷം ലഭിച്ചിട്ടുള്ളതെന്നും ബിഷപ്പ് തോട്ടുമാരിക്കല്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ്പുമാരായ ഡോ. ഏബ്രഹാം വിരുത്തകുളങ്ങര (നാഗ്പുര്‍), മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), മാര്‍ ജോര്‍ജ് ഞരളക്കാട്ട് (തലശേരി), സീറോ മലബാര്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, എംഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മാനത്തുകുന്നേല്‍ എന്നിവര്‍ക്കൊപ്പം 25 മെത്രാന്മാരും എംഎസ്ടി സമൂഹത്തില്‍നിന്നുള്‍പ്പെടെ മുന്നൂറ്റിഅന്‍പതോളം വൈദികരും ശുശ്രൂഷകളില്‍ പങ്കെടുത്തു. മൂവായിരത്തോളം ആളുകളെ സാക്ഷിയാക്കിയാണ് മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നത്. മെത്രാഭിഷേകത്തിന് ശേഷം അനുമോദന സമ്മേളനവും നടന്നു.