News - 2025

ആസിയ ബീബിയുടെ അപ്പീൽ വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ

സ്വന്തം ലേഖകന്‍ 25-04-2018 - Wednesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ക്രൈസ്തവ വനിത ആസിയ ബീബിയുടെ അപ്പീൽ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. അഞ്ച് മക്കളുടെ അമ്മയായ ആസിയ ബിബിയെ 2010 ലാണ് വധശിക്ഷയ്ക്കു വിധിച്ചത്. ആസിയായുടെ അപ്പീൽ പാക്കിസ്ഥാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മിയാൻ സക്വിബ് നിസാര്‍ പരിഗണിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു വർഷത്തോളമായി യാതൊരു നടപടികളുമില്ലാതെ അനിശ്ചിതമായി തുടർന്ന കേസ്, വീണ്ടും പരിഗണിക്കുന്നത് പ്രതീക്ഷയോടെയാണ് ആസിയായുടെ കുടുംബവും മനുഷ്യാവകാശ സംഘടനകളും നോക്കി കാണുന്നത്.

2009-ല്‍ ആണ് ആസിയായെ മതനിന്ദാകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസികളായ മുസ്ലീം സ്ത്രീകള്‍ ആസിയാ ബീബിയ്ക്ക് എതിരെ വ്യാജകേസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആസിയ ബീബീ ഇസ്ലാം പ്രവാചകനായ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയില്‍ തങ്ങളോട് സംസാരിച്ചുവെന്നാണ് യുവതികള്‍ പോലീസില്‍ പരാതിപ്പെട്ടത്. 2010-ല്‍ നാങ്കണ ജില്ലാക്കോടതി ആസിയാ ബീബിക്ക് തൂക്കുകയര്‍ വിധിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ ആസിയാ ബീബിയുടെ അപ്പീല്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി പരിഗണിച്ചെങ്കിലും പ്രധാന ജഡ്ജി പിന്‍മാറിയിരിന്നു. ഇതോടെ ആസിയയുടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയായിരിന്നു. ഇതിലാണ് ഇപ്പോള്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അപ്പീൽ രണ്ടാഴ്ചയ്ക്കകം പരിഗണിക്കുവാനിരിക്കെ വിധിയിൽ ഇളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആസിയായുടെ കുടുംബം. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ ആസിയാക്ക് ഐക്യദാര്‍ഢ്യവും പ്രാര്‍ത്ഥനയും വാഗ്ദാനം ചെയ്തിരിന്നു.


Related Articles »