News - 2025
'സി9' കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗം സമാപിച്ചു
സ്വന്തം ലേഖകന്‍ 27-04-2018 - Friday
വത്തിക്കാന്‍ സിറ്റി: റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സീസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇരുപത്തിനാലാം യോഗം വത്തിക്കാനില്‍ സമാപിച്ചു. വത്തിക്കാന്‍റെ മാദ്ധ്യമവിഭാഗങ്ങളെ ഒരു കുടക്കീഴിലാക്കി മേഖലയില്‍ നടത്തിപ്പോരുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ വത്തിക്കാന്‍റെ മാദ്ധ്യമ കാര്യാലയത്തിന്‍റെ കാര്യദര്‍ശി മോണ്‍സിഞ്ഞോര്‍ ലൂച്യൊ റൂയിസ് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ യോഗത്തില്‍ അവതരിപ്പിച്ചു.
റോമന്‍ കൂരിയായെ സംബന്ധിച്ച പുതിയ അപ്പസ്തോലിക രേഖയുടെ പുനഃപരിശോധനയായിരുന്നു യോഗത്തില്‍ പ്രധാനമായും നടന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താ വിതരണകാര്യാലയത്തിന്‍റെ പ്രസ്സ് ഓഫീസിന്‍റെ മേധാവി ഗ്രെഗ് ബര്‍ക്ക് മാധ്യമങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് യോഗം സമാപിച്ചത്. ഒമ്പതംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ ഇന്ത്യയില്‍ നിന്ന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും അംഗമാണ്. സി9 സമിതിയുടെ അടുത്ത സമ്മേളനം ജൂണ്‍ 11 മുതല്‍ 13 വരെ നടക്കും.