News - 2024

വിശുദ്ധ നാട്ടില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം: ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ്

സ്വന്തം ലേഖകന്‍ 08-05-2018 - Tuesday

ജറുസലേം: യാഥാസ്ഥിതിക യഹൂദ സംഘടനകള്‍ ഇസ്രായേലില്‍ നിന്നും ക്രൈസ്തവരെ പുറത്താക്കുവാന്‍ ശ്രമം നടത്തുന്നതായി ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്റെ വെളിപ്പെടുത്തല്‍. ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് വിശുദ്ധ നാട്ടിലെ മുതിര്‍ന്ന ക്രൈസ്തവ നേതാക്കളില്‍ ഒരാള്‍ കൂടിയായ പാത്രിയാര്‍ക്കീസ് തിയോഫിലോസ് ഈ ആരോപണമുന്നയിച്ചത്. പുരാതന നഗരത്തിലെ ക്രിസ്ത്യന്‍ പുരോഹിതരെ ഭീഷണിപ്പെടുത്തി സഭാ സ്വത്തുക്കള്‍ കയ്യടക്കുവാന്‍ തീവ്ര സ്വദേശി യഹൂദ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"ജറുസലേമിലെ കടുത്ത യാഥാസ്ഥിതികരായ ചില സ്വദേശി സംഘടനകളില്‍ നിന്നും കടുത്ത ഭീഷണിയാണ് ഇന്ന്‍ സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ജറുസലേമിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഇല്ലാതാക്കുവാനാണ് അവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്”. കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും, വിശുദ്ധ സ്ഥലങ്ങളിലും നടന്ന ആക്രമണങ്ങള്‍ മൗലീകവാദി സംഘങ്ങള്‍ വളരെയേറെ സംഘടിതരാണെന്നാണ് സൂചിപ്പിക്കുന്നതെന്നും പാത്രിയാര്‍ക്കീസ് കൂട്ടിച്ചേര്‍ത്തു.

തന്ത്രപരവും, പ്രധാനപ്പെട്ടതുമായ സ്ഥലങ്ങള്‍ വാങ്ങിക്കുവാനുള്ള ചില സംഘടനകളുടെ ശ്രമങ്ങളും സംശയകരമാണെന്നും പാത്രിയാര്‍ക്കീസ് സൂചിപ്പിച്ചു. വളരെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളുടെ കച്ചവടത്തിനു പിന്നില്‍ ‘അറ്റെരേറ്റ് കൊഹാനിം’ എന്ന സംഘടനക്ക് പങ്കുണ്ടെന്നാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭ പറയുന്നത്. എന്നാല്‍ പഴയ നഗരത്തില്‍ നിന്നും ക്രിസ്ത്യാനികളെ പുറത്താക്കണമെന്ന യാതൊരു പദ്ധതിയും തങ്ങള്‍ക്കില്ലെന്നാണ് സംഘടനയുടെ വക്താവ് പറയുന്നത്.

അതേസമയം തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അപമാനത്തിന്റേയും, അക്രമത്തിന്റേയും കഥകള്‍ വിവരിച്ചുകൊണ്ട് നിരവധി പുരോഹിതരും, വിശ്വാസികളുമാണ് മുന്നോട്ട് വരുന്നത്. നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുള്ള മൗണ്ട് സിയോനിലെ ഡോര്‍മീഷന്‍ ആശ്രമത്തിലെ തലവനായ ഫാ. നിക്കോദേമൂസ് ഷ്നാബേല്‍ തീവ്ര യഹൂദ വിഭാഗം ക്രൈസ്തവര്‍ക്ക് നേരെ അഴിച്ചു വിടുന്ന അക്രമണത്തെ പറ്റി ഇതിനു മുന്‍പ് തന്നെ സൂചിപ്പിച്ചിരിന്നു. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ കുറവുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇസ്രായേലില്‍ ഉണ്ടെന്നും യഹൂദതരല്ലാത്തവര്‍ ഇസ്രായേല്‍ വിട്ടുപോകണമെന്നതാണ് അവരുടെ പ്രഖ്യാപിത നയമെന്നുമാണ് ഫാ. നിക്കോദേമൂസ് പറഞ്ഞത്.


Related Articles »