News - 2025
അല്‍മായര്‍ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു
സ്വന്തം ലേഖകന്‍ 09-05-2018 - Wednesday
വത്തിക്കാന്‍ സിറ്റി: കുടുംബത്തിന്റെ അജപാലന ശുശ്രൂഷ മെച്ചപ്പെടുത്താനും വിവാഹ കൂദാശയുടെ അന്തസും നന്മയും പരിപാലിക്കാനും ഉദ്ദേശിച്ചു അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പ രൂപീകരിച്ച വത്തിക്കാന്‍ വിഭാഗത്തിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിച്ചു. 2018 ഏപ്രില്‍ 10-ാംതീയതി മാര്‍പാപ്പ ഒപ്പുവെച്ചിരിക്കുന്നതും പതിനഞ്ച് ആര്‍ട്ടിക്കിളുകളിലായി നല്‍കിയിരിക്കുന്നതുമായ പുതിയ നിയമാവലി ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. 2016 ജൂണ്‍ നാലിന് പ്രസിദ്ധപ്പെടുത്തിയ നിയമവ്യവസ്ഥയ്ക്കു പകരമായാണ് പുതിയ നിയമാവലി.
ഉപകാര്യാലയ സെക്രട്ടറിമാരുടെ എണ്ണം മൂന്നില്‍ നിന്നു രണ്ടായി കുറച്ചിരിക്കുന്നുവെന്നതാണ് പഴയ നിയമാവലിയില്‍ നിന്നുള്ള പ്രധാന മാറ്റമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യുവജനങ്ങളെയും സ്ത്രീ പുരുഷ ബന്ധങ്ങളെയും സംബന്ധിച്ചുള്ള വിചിന്തനങ്ങള്‍ നല്‍കുന്ന രണ്ടു പുതിയ ആര്‍ട്ടിക്കിളുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നുവെന്നും ശ്രദ്ധേയമാണ്. നിയമാവലി ഫാത്തിമ തിരുനാള്‍ ദിനമായ മെയ് 13 മുതലാണ് പ്രാബല്യത്തില്‍ വരിക. 2015 ഒക്ടോബറിൽ നടന്ന കുടുംബ സിനഡിൽ അല്മായർക്കും കുടുംബങ്ങൾക്കും ജീവനും വേണ്ടി വത്തിക്കാനിൽ പുതിയ ഒരു ഭരണ വിഭാഗം ആരംഭിക്കാൻ ഫ്രാൻസിസ് പാപ്പ താത്പര്യം പ്രകടിപ്പിക്കുകയായിരിന്നു. 2016- സെപ്റ്റംബറിലാണ് വിഭാഗം നിലവില്‍ വന്നത്.