Life In Christ - 2024

"ദിവസം ആരംഭിക്കുന്നതിനു കോഫിയേക്കാള്‍ നല്ലത് ബൈബിൾ": അമേരിക്കൻ ജനത

സ്വന്തം ലേഖകന്‍ 12-05-2018 - Saturday

വാഷിംഗ്ടൺ: പുതിയ ദിവസം ആരംഭിക്കുന്നതിന് കോഫിയേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ബൈബിളിനെയാണെന്ന് അമേരിക്കൻ ജനത. ‘അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റി’ (ABS) പുറത്തിറക്കിയ പുതിയ പഠന റിപ്പോര്‍ട്ടിലാണ് ശ്രദ്ധേയമായ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്കക്കാരുടെ ബൈബിള്‍ വായനാ ശീലത്തെ കുറിച്ച് ബാര്‍ന ഗ്രൂപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട് ‘2018 സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍ റിപ്പോര്‍ട്ട്’ എന്ന പേരിലാണ് എബിഎസ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കോഫി, മധുരപലഹാരങ്ങള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവക്ക് പകരം അമേരിക്കയിലെ 61 ശതമാനം ക്രൈസ്തവരും തങ്ങളുടെ ദിവസം ആരംഭിക്കുന്നത് ബൈബിള്‍ വായനയോടെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി 4 മുതല്‍ 11 വരെ 1,004 ടെലിഫോണ്‍ ഇന്റർവ്യൂ, 1064 ഓണ്‍ലൈന്‍ സര്‍വ്വേകളും വഴിയാണ് ബാര്‍ന്ന ഏജൻസി ഈ പഠനം നടത്തിയത്. ബൈബിളുമായുള്ള സമ്പര്‍ക്കത്തിന്റെ തോതനുസരിച്ചാണ് ഗവേഷകര്‍ ബൈബിള്‍ വായിക്കുന്നവരെ തരംതിരിച്ചിരിക്കുന്നത്.

കോഫി താല്‍ക്കാലികമായ ഒരു ഊര്‍ജ്ജം പ്രധാനം ചെയ്യുന്നുണ്ടെങ്കിലും, ശാശ്വതമായ പ്രതീക്ഷയും സമാധാനവും നല്‍കുന്നത് ബൈബിള്‍ സന്ദേശമാണെന്ന് നിരവധിപേരാണ് അഭിപ്രായപ്പെട്ടതെന്ന് എബിഎസിന്റെ പ്രസിഡന്റും, സി.ഇ.ഒ യുമായ റോയി പീറ്റേഴ്സണ്‍ പറഞ്ഞു. അമേരിക്കക്കാരന്റെ ധാര്‍മ്മികതയില്‍ ഭരണഘടനയേക്കാളും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് ബൈബിളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് പൗരന്മാരിൽ ഭയത്തെ ദൂരീകരിക്കുന്നതിൽ ബൈബിള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും പഠനത്തില്‍ നിന്നും വ്യക്തമായി. ബൈബിള്‍ വായിക്കുന്നവരില്‍ 41 ശതമാനവും പറഞ്ഞത് വിശുദ്ധ ലിഖിതങ്ങള്‍ വായിക്കുമ്പോള്‍ തങ്ങള്‍ക്ക് സമാധാനം ലഭിക്കുന്നുണ്ടെന്നാണ്. ബൈബിള്‍ വായിക്കും തോറും കൂടുതല്‍ കൂടുതല്‍ വായിക്കണമെന്നാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നു 61 ശതമാനം പേര്‍ വ്യക്തമാക്കി.

കഴിഞ്ഞ പഠനങ്ങളേക്കാള്‍ ബൈബിളിന്റെ ധാര്‍മ്മികവും, ആദ്ധ്യാത്മികവുമായ സ്വാധീനത്തെ കുറിച്ചാണ് ഇത്തവണത്തെ പഠനം കൂടുതലായി ശ്രദ്ധിച്ചതെന്ന് എബിഎസ് സംഘടന വൃത്തം പറഞ്ഞു. അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് ഒരു വ്യക്തിക്ക് വേണ്ടതെല്ലാം വിശുദ്ധ ലിഖിതങ്ങളില്‍ ഉണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Related Articles »