Life In Christ - 2025
ജീവന്‍ തന്ന ദൈവത്തിന് പരിശുദ്ധ അമ്മയിലൂടെ ജീവിതം സമര്‍പ്പിച്ച് ഇരട്ട സഹോദരങ്ങള്‍
സ്വന്തം ലേഖകന്‍ 14-05-2018 - Monday
വാല്‍പരൈസോ (ചിലി): ചെറുപ്പത്തില്‍ ഉണ്ടായ കടുത്ത രോഗബാധയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതിനെ തുടര്‍ന്നു പരിശുദ്ധ കന്യകാമാതാവിനായി ജീവിതം സമര്‍പ്പിക്കപ്പെട്ട ഇരട്ട സഹോദരങ്ങള്‍ സന്യാസ ജീവിതത്തിലൂടെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നു. ഇരട്ട സഹോദരങ്ങളായ ക്രിസ്റ്റ്യന്‍ മോയയും, സഹോദരിയായ മോണിക്കാ മോയയുമാണ് ജീവന്‍ തന്ന ദൈവത്തിന് ജീവിതം സമര്‍പ്പിച്ച് പൗരോഹിത്യ, സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചു സാക്ഷ്യമേകുന്നത്. കാത്തലിക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ എസിഐ പ്രെസ്നാക്ക് നല്‍കിയ അഭിമുഖം വഴിയായാണ് ഇവരുടെ ജീവിതസാക്ഷ്യം പുറത്തുവരുന്നത്.
1974 ജനുവരി 15-ന് ചിലിയിലെ വാല്‍പരൈസ മേഖലയിലുള്ള സാന്‍ അന്റോണിയോയിലാണ് ക്രിസ്റ്റ്യന്‍-മോണിക്ക സഹോദരങ്ങളുടെ ജനനം. ജനിച്ച് മൂന്ന്‍ മാസം കഴിഞ്ഞപ്പോള്‍ തന്നെ ഇവര്‍ക്ക് കടുത്ത ന്യൂമോണിയ പിടിപ്പെട്ടു. രക്തം മാറ്റുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്ന്‍ ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനുമുന്‍പ് മൂത്ത മകനെ നഷ്ടപ്പെട്ട അവരുടെ അമ്മക്ക് അത് നടുക്കമായിരിന്നു. തന്റെ ഇരട്ട കുഞ്ഞുങ്ങളെ പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലായെന്ന്‍ ആ അമ്മ സംഗ്രഹിച്ചു.
തുടര്‍ന്നു ദൈവമാതാവിന്റെ മാദ്ധ്യസ്ഥം യാചിച്ച അവള്‍ കുഞ്ഞുങ്ങളുടെ അത്ഭുത രോഗസൗഖ്യത്തിനു സാക്ഷിയാകു ആയിരിന്നു. ഇതിന് കൃതജ്ഞതയായി ആ അമ്മ കുഞ്ഞുങ്ങളെ ‘നുയെസ്ട്രാ സെനോര പുരിസിമ ഓഫ് ലൊ വാസ്ക്യൂസ്’ (പരിശുദ്ധയായ നമ്മുടെ മാതാവ്) എന്ന പരിശുദ്ധ കന്യകാമറിയത്തിനായി സമര്‍പ്പിച്ചു. കേൾക്കുമ്പോൾ ആകസ്മികമായി തോന്നാമെങ്കിലും അന്ന് മാതാവിനായി സമര്‍പ്പിക്കപ്പെട്ട ആ മക്കളിന്ന്‍ പുരോഹിതനും കന്യാസ്ത്രീയുമാണ്.
ചെറുപ്പത്തില്‍ പരിശുദ്ധ അമ്മയ്ക്കു നടത്തിയ സമര്‍പ്പണം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുള്ളതായി സിസ്റ്റര്‍ മോണിക്ക പറയുന്നു. ശരിക്കും ദൈവം ഞങ്ങളെ ഈ നിയോഗത്തിലേക്ക് നയിക്കുകയായിരുന്നു. പ്രാര്‍ത്ഥനയും, ഭക്തിയും, മാതൃകാപരമായ ജീവിതവും വഴി തങ്ങളുടെ മാതാപിതാക്കളും ഏറെ സഹായിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ മോണിക്ക പറഞ്ഞു. പരിശുദ്ധ കന്യകാമാതാവിനെ കൂടാതെ വിശുദ്ധ യൗസേപ്പിതാവും സിസ്റ്റര്‍ മോണിക്കയുടെ ആത്മീയ ജീവിതത്തിലെ ഒരു നിര്‍ണ്ണായക ശക്തിയാണ്. അവള്‍ അംഗമായ സന്യാസിനീ സഭയുടെ മാധ്യസ്ഥ വിശുദ്ധന്‍ വിശുദ്ധ യൗസേപ്പിതാവാണ്.
ഡോട്ടേഴ്സ് ഓഫ് സെന്റ് മേരി ഓഫ് പ്രോവിഡന്‍സ് സഭാംഗമാണ് മോണിക്കയിപ്പോള്‍. നിത്യവൃത ചടങ്ങുകള്‍ക്ക് സാധാരണഗതിയില്‍ മെത്രാനാണ് നേതൃത്വം നല്‍കുക. എന്നാല്‍ തന്റെ നിത്യവൃതത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുര്‍ബ്ബാനക്ക് പതിവിനു വിപരീതമായി മോണിക്കയുടെ സഹോദരനായ ഫാ. ക്രിസ്റ്റ്യനാണ് വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയത്. തങ്ങളുടെ ദൈവനിയോഗത്തെ ഒരു സമ്മാനവും, അത്ഭുതവുമായിട്ടാണ് സിസ്റ്റര്‍ മോണിക്കയും സഹോദരന്‍ ഫാ. ക്രിസ്റ്റ്യനും കാണുന്നത്.