News - 2025
ഐക്യരാഷ്ട്ര സഭയുടെ ഗര്‍ഭഛിദ്ര അനുകൂല നീക്കത്തെ അപലപിച്ച് വത്തിക്കാന്‍
സ്വന്തം ലേഖകന്‍ 27-05-2018 - Sunday
വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥ ശിശുവിനെതിരായ നിയമങ്ങള്‍ക്ക് പിന്തുണയേകാന്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്ന് യുഎന്നിലെ വത്തിക്കാന്‍ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക്. ജനീവയില്‍ ലോകാരാഗ്യ സംഘടനയുടെ എഴുപത്തിയൊന്നാം സമ്മേളനത്തില്‍ സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ തടയുക, കുട്ടികള്‍ക്കുള്ള പരിപാടികളുടെ ഗുണഭോക്താക്കാളുടെ പ്രായപരിധി 18 വയസ്സുവരെ ഉയര്‍ത്തുക, തുടങ്ങിയ ലക്ഷ്യങ്ങള്‍ ആഗോള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ സംതൃപതി രേഖപ്പെടുത്തിയ ആര്‍ച്ച് ബിഷപ്പ് ഇവാന്‍ ജുര്‍ക്കൊവിക് ഗര്‍ഭഛിദ്ര അനുകൂല നീക്കത്തെ അപലപിച്ചു.
'സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം' എന്ന പേരിലാണ് പദ്ധതിയില്‍ ഭ്രൂണഹത്യ കൊണ്ടുവരുവാന്‍ യുഎന്‍ ശ്രമം നടത്തുന്നത്. ഭ്രൂണഹത്യയും അതിനുവേണ്ട സേവനങ്ങളും സമൂഹത്തിന്റെ ആരോഗ്യ നടപടികളായി കാണാന്‍ പരിശുദ്ധസിംഹാസനത്തിനു സാധിക്കില്ലായെന്നും ഭ്രൂണഹത്യ നിയമാനുസൃതമാക്കുന്ന എല്ലാ നടപടികളെയും പരിശുദ്ധസിംഹാസനം എതിര്‍ക്കുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. നേരത്തെ ഭ്രൂണഹത്യയെ ഐക്യരാഷ്ട്ര സഭ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ട്രംപ് ഭരണകൂടം യുഎന്നിന് ധനസഹായം റദ്ദാക്കിയിരിന്നു.