News - 2025
ചരിത്രത്തിലാദ്യമായി പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയെ അല്‍മായന്‍ നയിക്കും
സ്വന്തം ലേഖകന്‍ 05-06-2018 - Tuesday
വത്തിക്കാൻ സിറ്റി: റോമിലെ പ്രസിദ്ധമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ റെക്ടറായി വിവാഹിതനായ അൽമായനെ നിയമിച്ചുകൊണ്ട് മാർപാപ്പയുടെ ചരിത്രപരമായ ഉത്തരവ്. വിന്‍സെന്‍സോ ബുവോണോമോ എന്ന അൽമായനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ജൂണ്‍ 2നാണ് വത്തിക്കാൻ പുറത്തുവിട്ടത്. അല്‍മായരെ സഭയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശ്വാസികൾക്ക് സഭയിലെ പ്രധാന പദവികള്‍ നല്‍കുന്ന നടപടിയുടെ ഭാഗമായാണ് നിയമനമെന്നു അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ 245 വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രസിദ്ധമായ സര്‍വ്വകലാശാലയുടെ തലപ്പത്തെത്തുന്ന ആദ്യത്തെ അല്‍മായനായി മാറിയിരിക്കുകയാണ് വിന്‍സെന്‍സോ. രണ്ട് കുട്ടികളുടെ പിതാവ് കൂടിയാണ് ഇദ്ദേഹം. കര്‍ദ്ദിനാള്‍ ആഞ്ചലോ സ്കോള, ആർച്ച് ബിഷപ്പ് റെനോ ഫിസിച്ചെല്ലാ എന്നീ പ്രഗല്‍ഭര്‍ ഇരിന്ന പദവിയിലേക്കാണ് ബുവോണോമോ നിയമിതനായിരിക്കുന്നത്. നിലവിൽ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി സേവനം ചെയ്തുവരികയായിരുന്നു 57-കാരനായ ബുവോണോമോ.
കാനന്‍-പൊതു നിയമ അഭിഭാഷകനായ ബുവോണോമോ അന്താരാഷ്‌ട്ര നിയമത്തിലും പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. പൊന്തിഫിക്കല്‍ എക്ക്ലസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ വത്തിക്കാന്‍ ഭാവി നയതന്ത്ര പ്രതിനിധികള്‍ക്ക് അന്താരാഷ്‌ട്ര നിയമം പഠിപ്പിക്കുന്നതും ഇദ്ദേഹമാണ്. യൂറോപ്യന്‍ കൗണ്‍സിലിന്റെ ഉപദേശക സമിതിയായ വെനീസ് കമ്മീഷനിലും, മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ ഉപദേശക സമിതിയിലും വത്തിക്കാനെ പ്രതിനിധീകരിച്ചത് ബുവോണോമോയാണ്.
ഇസ്ലാം മതവുമായി സംവാദം നടത്തുന്ന പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ ഉപദേശകനും കൂടിയാണ് ബുവോണോമോ. 1773-ല്‍ ക്ലമന്‍റ് പതിനാലാമന്‍ പാപ്പയാണ് പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. 100 രാജ്യങ്ങളില്‍ നിന്നുമുള്ള സെമിനാരി വിദ്യാര്‍ത്ഥികളും വൈദികരും അല്‍മായരും ഉള്‍പ്പെടെ ആയിരങ്ങളാണ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. ദൈവശാസ്ത്രം, തത്വശാസ്ത്രം, കാനന്‍-പൊതു നിയമങ്ങള്‍ തുടങ്ങിയ കോഴ്സുകളാണ് സര്‍വ്വകലാശാല നല്‍കുന്നത്.