News - 2025

ആലപ്പുഴയിൽ വൈദികൻ വാഹനാപകടത്തിൽ മരിച്ചു

സ്വന്തം ലേഖകന്‍ 07-06-2018 - Thursday

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മാരാരികുളത്തുണ്ടായ വാഹനാപകടത്തിൽ വൈദികന്‍ മരിച്ചു. വെട്ടയ്ക്കൽ സെന്‍റ് ആന്‍റണീസ് പള്ളി വികാരിയായ ഫാ. ഫ്രാൻസിസ് രാജു കാക്കരിയിൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറോടെ തീരദേശ റോഡിൽ മാരാരി ബീച്ച് റിസോർട്ടിന് സമീപമാണ് അപകടമുണ്ടായത്. കഞ്ഞിപ്പാടം സ്വദേശിയ്ക്കൊപ്പം ആലപ്പുഴയിൽ നിന്നും വെട്ടയ്ക്കൽ പള്ളിയിലേക്ക്, ദിവ്യബലി അർപ്പിക്കുവാനായി വരുന്നവഴി ടോറസ് ലോറിയുമായി ഇടിക്കുകയായിരുന്നു.

നാട്ടുകാർ ഇരുവരെയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈദികന്‍റെ ജീവൻ രക്ഷിക്കാനായില്ല. തുമ്പോളി പള്ളി, തുറവൂർ മരിയപുരം സെന്‍റ് മോനിക്കാ പള്ളി എന്നിവിടങ്ങളിലും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ലത്തീൻ ലിറ്റർജി സംഗീതത്തിൽ പ്രാവീണ്യം നേടിയ ഫാ. ഫ്രാൻസിസ് രാജു കാക്കരയിൽ ലത്തീൻ സഭയിലെ പ്രഗത്ഭനായ സംഗീതജ്ഞനായിരിന്നു.

മൃതദേഹം നാളെ രാവിലെ വെട്ടയ്ക്കൽ സെൻറ് ആൻറണീസ് ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും, അവിടെനിന്നും പൊതുദർശനത്തിനായി തൈക്കൽ അദ്ദേഹത്തിൻറെ ഭവനത്തിലേക്ക് കൊണ്ടുപോവും നാളെ ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് തൈക്കൽ പള്ളിയിൽ മൃതസംസ്കാര കർമ്മം നടക്കും. ചേർത്തല തെക്കുപഞ്ചായത്ത് തൈക്കൽ കാക്കരി വീട്ടിൽ ആന്‍റണി-പൊന്നമ്മ ദമ്പതികളുടെ മകനാണ്.


Related Articles »