News - 2024

സുവിശേഷ പ്രഘോഷണം ലാഭമുണ്ടാക്കാനുള്ളതല്ല: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 12-06-2018 - Tuesday

വത്തിക്കാന്‍ സിറ്റി: ഹൃദയങ്ങളെ മാനസാന്തരത്തിലേയ്ക്ക് നയിക്കുകയാണ് വചനപ്രഘോഷകന്‍റെ ദൗത്യമെന്നും സുവിശേഷ പ്രഘോഷണം ലാഭമുണ്ടാക്കാനുള്ളതല്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ (ജൂണ്‍ 11ാം തീയതി തിങ്കളാഴ്ച) വിശുദ്ധ ബര്‍ണബാസിന്റെ തിരുനാള്‍ ദിനത്തില്‍ പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. കര്‍ത്താവ് നമ്മെ അയയ്ക്കുന്നത് ലാഭമുണ്ടാക്കാനോ പണമുണ്ടാക്കാനോ അല്ലായെന്നും അതിനാല്‍ വചന പ്രഘോഷകര്‍ കച്ചവടത്തിന്‍റെയോ, ലാഭകരമായ പദ്ധതികളുടെയോ സംരഭകരല്ലായെന്നും പാപ്പ പറഞ്ഞു.

സുവിശേഷപ്രഘോഷകന്‍റെ അടയാളം ചെറിയ കാര്യങ്ങളിലും വിശ്വസ്തതയുള്ള സേവനമാണ്. സഭയിലെ സ്ഥാനം ശുശ്രൂഷിക്കപ്പെടാനുള്ളതല്ല, വിശിഷ്യ പാവങ്ങളും എളിയവരുമായവരെ ശുശ്രൂഷിക്കാനുള്ളതാണ്. സ്ഥാനക്കയറ്റം കാത്തിരിക്കുന്നവര്‍ സുവിശേഷവത്ക്കരണം എന്തെന്ന് അറിവില്ലാത്തവരാണ്. വചനം പ്രഘോഷിക്കുന്നവര്‍ അത് അനുസരിച്ചു ജീവിക്കുന്നവരാകണം. നല്ല കാര്യങ്ങള്‍ പറയാം, പക്ഷേ പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ അത് പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്നില്ലങ്കിലോ? പരിശുദ്ധാരൂപി നമ്മെ അയക്കുന്നത് വചനം പ്രഘോഷിക്കാന്‍ മാത്രമല്ല, സഹോദരങ്ങള്‍ക്ക് സേവനം ചെയ്തു ജീവിക്കാനുമാണ്.

ചെറിയ കാര്യങ്ങളില്‍പ്പോലും സുവിശേഷപ്രഘോഷകര്‍ ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കരുത്. അവര്‍ എന്നും സകലരുടെയും ശുശ്രൂഷകരായിരിക്കട്ടെ. വചന ശുശ്രൂഷകന്‍ തന്‍റെ പ്രവൃത്തികള്‍ക്ക് പ്രതി നന്ദി പ്രതീക്ഷിക്കേണ്ടതില്ല. കാരണം ദൈവം ദാനമായി തന്നത് ദാനമായി കൊടുക്കേണ്ടവനാണ് വചനപ്രഘോഷകന്‍. ക്രിസ്തുവിനാല്‍ വിളിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തവര്‍ ആ രക്ഷയുടെ ദാനം ഉദാരമായി പങ്കുവച്ചു ജീവിക്കേണ്ടതാണെന്നും പാപ്പ പറഞ്ഞു. ദാരിദ്ര്യത്തിലും പരിശുദ്ധാരൂപിയിലും കൂടുതല്‍ തീക്ഷ്ണമായി ജീവിക്കുവാന്‍ സമര്‍പ്പിതര്‍ പ്രാപ്തരാകട്ടെയെന്ന വാക്കുകളോടെയാണ് മാര്‍പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.


Related Articles »