News - 2025

ഗര്‍ഭഛിദ്രം നാസി ക്രൂരതയ്ക്കു സമാനം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 18-06-2018 - Monday

വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള ശിശുക്കളെ ഗര്‍ഭച്ഛിദ്രത്തിലൂടെ നശിപ്പിക്കുന്നത് നാസികള്‍ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഇക്കഴിഞ്ഞ ശനിയാഴ്ച (16/06/2018) ഇറ്റാലിയന്‍ ഫാമിലി അസോസിയേഷന്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഗര്‍ഭച്ഛിദ്രത്തിനെതിരെ മാര്‍പാപ്പ ശക്തമായി സ്വരമുയര്‍ത്തിയത്. ദൈവം അയയ്ക്കുന്ന ശിശുക്കളെ വൈകല്യമുള്ളവരാണെങ്കില്‍പ്പോലും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ സ്വീകരിക്കാന്‍ കുടുംബങ്ങള്‍ തയാറാവണമെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

നാസികള്‍, വംശ ശുദ്ധിയ്ക്കായി ഗര്‍ഭച്ഛിദ്രത്തിനു പുറമേ ശാരീരിക- മാനസിക രോഗമുള്ളവരെ നിര്‍ബന്ധിത വന്ധ്യകരണത്തിനു വിധേയരാക്കിയും പതിനായിരങ്ങളെ ഉപയോഗശൂന്യരെന്ന് മുദ്രകുത്തി ദയാവധത്തിലൂടെയും ഇല്ലായ്മ ചെയ്തു. ഇന്നത്തെ കാലത്തു സ്‌കാനിംഗിലൂടെയും മറ്റും രോഗമുണ്ടെന്നു കണ്ടെത്തുന്ന ഗര്‍ഭസ്ഥ ശിശുവിനെ ചിലരെങ്കിലും വകവരുത്തുന്നു. സുഖജീവിതം ലക്ഷ്യമിട്ട് നിരപരാധിയായ ശിശുവിനെ മാതാപിതാക്കള്‍ തന്നെ കൊല്ലുന്ന അവസ്ഥ വേദനാജനകമാണ്. കുഞ്ഞുങ്ങളെ ദൈവം അയക്കുന്നതാണെന്നും പാപ്പ തന്റെ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.


Related Articles »