Arts
യേശുവിനെ വാഴ്ത്തിപ്പാടി ‘മരുഭൂമിയിലെ ശബ്ദം’ ശ്രദ്ധ നേടുന്നു
സ്വന്തം ലേഖകന്‍ 03-07-2018 - Tuesday
മാഡ്രിഡ്: ദാനമായി ലഭിച്ച ശബ്ദ മാധുര്യത്തെ ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ മാറ്റിവച്ച ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’ എന്ന റോക്ക് ബാൻഡ് സംഘം ശ്രദ്ധ നേടുന്നു. കഴിഞ്ഞ പതിനാല് വര്‍ഷമായി യേശുവിനെ വാഴ്ത്തിപ്പാടുന്ന സംഘത്തിലെ ആകെയുള്ള ഏഴംഗങ്ങളിൽ മൂന്നുപേർ വൈദികരാണെന്നതും ശ്രദ്ധേയമാണ്. ഫാ. ജൂലിയെ അലജാന്ദ്രെ, ഫാ. കറി, ഫാ. ആൽബെർട്ടോ റാപ്പോസോ എന്നിവരാണ് ബാൻഡില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികർ. 2004-ല്‍ മാഡ്രിഡ് അൽക്കലാഡി രൂപതയിലെ സെമിനാരിയിലാണ് ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’ അഥവാ ‘മരുഭൂമിയിലെ ശബ്ദം’ എന്ന റോക്ക് ബാൻഡ് ആരംഭിച്ചത്.
സെമിനാരിയില്‍ ദൈവശാസ്ത്രത്തിന് പഠിച്ചുകൊണ്ടിരിന്ന ഏതാനും വിദ്യാർത്ഥികൾ ക്രിസ്തീയ ഭക്തിഗാനങ്ങൾ ഒന്നിച്ചുപാടി റെക്കോർഡ് ചെയ്തതോടെയാണ് സ്വന്തമായി ഒരു ബാന്‍ഡ് എന്ന ആശയം സംഘത്തില്‍ ഉയര്‍ന്നത്. തുടര്‍ന്നു രൂപതയുടെ അംഗീകാരത്തോടെ ബാന്‍ഡ് തങ്ങളുടെ ദൌത്യം ആരംഭിക്കുകയായിരിന്നു. വിശ്വാസികളും അവിശ്വാസികളും ഗാനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ‘ദ വോയിസ് ഇൻ ദി ഡെസേർട്ട്’-ന്‍റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. അമേരിക്കയിലും സ്‌പെയിനിലും പോർച്ചുഗലിലും ആയിരങ്ങളാണ് ബാന്‍ഡിന്റെ സ്വരമാധുര്യം കേള്‍ക്കാന്‍ എത്തിയത്.
2011-ൽ ലോക യുവജന ദിനവുമായി ബന്ധപ്പെട്ട് ബനഡിക്ട് പതിനാറാമൻ പാപ്പ മാഡ്രിഡ് സന്ദർശിച്ചപ്പോൾ 'ദ വോയിസ് ഇൻ ദി ഡെസേർട്ട്' നിരവധി ഗാനങ്ങള്‍ ആലപിച്ചിരിന്നു. ‘ടു എ ലൈറ്റ്’, ‘ദ കോളിങ്’, ‘ദ ലോർഡ് ഗെറ്റ്‌സ് മീ അപ്പ് എഗെയ്ൻ’, ‘മൈ സ്ട്രെംഗ്ത്’, ‘ഐ വിൽ സീക്ക് യുവർ ഫെയ്‌സ്’, ‘തൈ വിൽ ബി ഡൺ ഓൺ മീ’ തുടങ്ങീ ബാൻഡ് സംഘത്തിന്റെ നിരവധി ഗാനങ്ങള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിന്നു. ഇന്ന് സംഗീതത്തിലൂടെ യേശുവിനെ മഹത്വപ്പെടുത്തി അനേകരുടെ വിശ്വാസത്തെ ഉണര്‍ത്തുകയാണ് 'മരുഭൂമിയിലെ ശബ്ദം'.
![](/images/close.png)