News
ഗര്‍ഭഛിദ്ര വ്യവസായത്തിന്റെ ഉള്ളറ തുറന്നുകാട്ടാന്‍ ഹോളിവുഡ് സിനിമ ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍ 05-07-2018 - Thursday
വാഷിംഗ്ടണ്‍ ഡിസി: ഗര്‍ഭഛിദ്ര വ്യവസായത്തിന്റെ പിന്നിലെ കുടിലതകളും വ്യാജ പ്രചരണങ്ങളും തുറന്നുകാട്ടാന്‍ ഹോളിവുഡ് സിനിമ അമേരിക്കയില്‍ ചിത്രീകരണം ആരംഭിച്ചു. രാജ്യത്തു ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ സുപ്രീം കോടതിവിധിക്ക് കാരണമായ ‘റോ വേഴ്സസ് വേഡ്’ കേസിനെ ആസ്പദമാക്കിയാണ് ഇതേ പേരില്‍ ചിത്രം ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 15-ന് ന്യൂ ഓര്‍ലീന്‍സിന് സമീപത്ത് വച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ അനന്തിരവളും പ്രമുഖ പ്രോലൈഫ് പ്രവര്‍ത്തകയുമായ അല്‍വേഡ കിംഗാണ് ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍.
മനുഷ്യാവകാശങ്ങളോടെ ജീവിക്കേണ്ട ലക്ഷകണക്കിന് ജീവനുകളെ ഇല്ലാതാക്കിയ അനീതിയുടെ പിന്നിലെ ആരുംപറയാത്ത യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് സിനിമ അവതരിപ്പിക്കുകയെന്ന് അല്‍വേഡ വ്യക്തമാക്കി. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വളരെ രഹസ്യമായാണ് നടനും സംവിധായകനുമായ നിക്ക് ലോയെബ് സിനിമ ചിത്രീകരിക്കുന്നത്. അബോര്‍ഷന്‍ നിയമവിധേയമാക്കിയത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിവാദങ്ങളില്‍ ഒന്നാണെന്നാണ് ലോയെബിന്റെ വിശേഷണം.
‘റോ v. വേഡ്’ കേസിന്റെ യഥാര്‍ത്ഥ ചരിത്രത്തെ കുറിച്ച് ഇതുവരെ ഒരു സിനിമയും കഥ പറഞ്ഞിട്ടില്ല. കേസിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കെട്ടിച്ചമച്ച കഥകളും, വ്യാജ വാര്‍ത്തകളും, വ്യാജ സ്ഥിതിവിവരകണക്കുകളും ഇതിന്റെ പിന്നിലുണ്ടെന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ പ്രോലൈഫ് സംബന്ധമായ കാഴ്ചപ്പാടുകള്‍ മൂലം ലൂസിയാന യൂണിവേഴ്സിറ്റിയില്‍ ചിത്രം ഷൂട്ട് ചെയ്യുവാന്‍ അനുവദിച്ചില്ലെന്നും, ഒരു സിനഗോഗില്‍ ഷൂട്ട് ചെയ്യുന്നതിനുള്ള അനുവാദം ലഭിച്ചുവെങ്കിലും, സിനിമയുടെ സന്ദേശത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ തങ്ങളെ സിനഗോഗില്‍ നിന്നും പുറത്താക്കിയതായും ലോയെബ് വെളിപ്പെടുത്തി.
സിനിമയെക്കുറിച്ചോ, അതിലെ പ്രധാന നടീനടന്‍മാരെ കുറിച്ചുള്ള യാതൊരു വിവരവും ലോയെബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ജോണ്‍ വോയിറ്റ്, റോബര്‍ട്ട് ഡേവി തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചന. സിനിമ യഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ക്കായി ‘ഗോഫണ്ട്മി’ എന്നൊരു അക്കൗണ്ടും സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി അന്തോണി കെന്നഡി തന്റെ റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച ഉടന്‍ തന്നെ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇക്കാര്യത്തില്‍ ഒടുവില്‍ സ്ഥിരീകരണമായിരിക്കുകയാണ്. ശൈത്യ കാലത്തിന്റെ ആരംഭത്തോടെ സിനിമ റിലീസ് ചെയ്തേക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.