News - 2025
നൈജീരിയയില്‍ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തിഎഴുനൂറ്റമ്പത് ക്രെെസ്തവർ
സ്വന്തം ലേഖകന്‍ 04-07-2018 - Wednesday
അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയായില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ആയിരത്തി എഴുനൂറ്റമ്പത് ക്രെെസ്തവരെന്ന് അന്താരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്. ഇസ്ളാമിക തീവ്ര ഗോത്ര സംഘടനയായ ഫുലാനി ഹെര്‍ഡ്സ്മാനും, ബൊക്കോ ഹറാം ഇസ്ളാമിക തീവ്രവാദികളും നടത്തുന്ന ക്രെെസ്തവ കൂട്ടകൊലയിലാണ് ആയിരങ്ങള്‍ കൊല്ലപ്പെട്ടതെന്ന്‍ അന്താരാഷ്ട്ര തലത്തിൽ മനുഷ്യ സ്വാതന്ത്യത്തിനും, നിയമപരിപാലനത്തിനുമായി നിലകൊള്ളുന്ന ഇന്‍റര്‍ സൊസൈറ്റിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്‍റര്‍ സൊസൈറ്റിയുടെയും, ഇന്‍റര്‍നാഷ്ണല്‍ ജസ്റ്റിസ് സംഘടനയുടെയും റിപ്പോർട്ട് പ്രകാരം 2015-മുതൽ 2018- ജൂണ്‍ വരെ എണ്ണായിരത്തി എണ്ണൂറോളം നെെജീരിയക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഭൂരിഭാഗവും ക്രൈസ്തവരാണെന്നും വ്യക്തമാക്കുന്നുണ്ട്. ക്രെെസ്തവ വംശഹത്യയാണ് നെെജീരിയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്നതെന്ന്‍ സംഘടനകൾ രേഖപ്പെടുത്തി. ക്രെെസ്തവ ഭവനങ്ങളും, ദേവാലയങ്ങളും അഗ്നിക്കിരയാക്കുന്നതും പൂര്‍വ്വികരില്‍ നിന്നു ലഭിച്ചിട്ടുള്ള സ്ഥലവും വീടും ക്രെെസ്തവരെ കൊന്നൊടുക്കി മുസ്ലിം ഫുലാനികള്‍ തട്ടിയെടുക്കുന്നതും ആക്രമണത്തിന്റെ തീവ്രത അടിവരയിട്ട് വ്യക്തമാക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഘടനകളുടെ സംയുക്ത കണക്കനുസരിച്ച് മൂന്നു വർഷത്തിനിടെ ആയിരത്തിലധികം ക്രെെസ്തവ ദേവാലയങ്ങൾ അഗ്നിക്കിരയാക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. നേരത്തെ അമേരിക്ക ആസ്ഥാനമായ ഒാപ്പൺ ഡോർസ് സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2009 മുതൽ 2014 വരെ പതിമൂവായിരത്തിലധികം ക്രെെസ്തവ ദേവാലയങ്ങൾ ബൊക്കോ ഹറാം തീവ്രവാദി സംഘടന നശിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായിരിന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ഇന്‍റര്‍ സൊസൈറ്റിയും പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം ക്രെെസ്തവർക്കെതിരായ ആക്രമണത്തെ ചെറുക്കാൻ മുസ്ലിം ഫുലാനി വിഭാഗക്കാരനായ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വ്യാപകമാണ്. എന്നാല്‍ വിഷയത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പരിഗണന കൊടുക്കുന്നില്ലായെന്നത് ശ്രദ്ധേയമാണ്. നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൈജീരിയായിലെ ക്രൈസ്തവ വംശഹത്യ തടയണമെന്ന് പ്രസിഡന്റ് മുഹമ്മദിനോട് ആവശ്യപ്പെട്ടിരിന്നു.